ഐഎഫ്എഫ്കെ: ഹിറ്റായി സിഗ്നേച്ചർ ഫിലിം

IFFK Signature Film
വെബ് ഡെസ്ക്

Published on Dec 14, 2024, 09:48 AM | 1 min read

തിരുവനന്തപുരം> മേളയുടെ സിഗ്നേച്ചർ ഫിലിമിലുണ്ട്‌ മലയാളസിനിമയിലെ ആദ്യകാല നായിക പി കെ റോസി. മുംബൈയിൽ ഛായാഗ്രഹകനായി പ്രവർത്തിക്കുന്ന മാവേലിക്കര സ്വദേശി കെ ഒ അഖിലാണ്‌ ചിത്രം ഒരുക്കിയത്‌. ജെ സി ഡാനിയൽ സംവിധാനം ചെയ്‌ത വിഗതകുമാരന്റെ പ്രദർശനത്തിന്റെ ഭാഗമായുള്ള വിളംബരം പുത്തരിക്കണ്ടത്തിലൂടെ പോയിരുന്നുവെന്നാണ്‌ ചരിത്രം. അതിന്റെ ഓർമപ്പെടുത്തലായി ചകോരം വിഗതകുമാരന്റെ നോട്ടീസ്‌ കൊത്തി പറക്കുന്നു. നഗരത്തിന്റെ വളർച്ചയും പുതിയ തിയറ്ററുകളുടെ ഉത്ഭവവും സിഗ്നേച്ചർ ഫിലിമിലുണ്ട്‌.

ചകോരം പുതിയ കാലത്തിലേക്ക്‌ എത്തുമ്പോൾ ന്യു കാപ്പിറ്റോൾ തിയറ്ററിലെ കാണികൾക്കിടയിൽ പി കെ റോസിയുമുണ്ട്‌. ക്യാപിറ്റോൾ തിയറ്ററിൽ വിഗതകുമാരൻ പ്രദർശിപ്പിക്കുമ്പോഴാണ്‌ സവർണ കഥാപാത്രത്തെ കീഴ്ജാതിക്കാരി അഭിനയിച്ചതിനാൽ റോസി ആക്രമണം നേരിട്ടത്‌. നാട്ടിൽനിന്ന്‌ പ്രാണരക്ഷാർഥം രക്ഷപ്പെട്ട റോസി പിന്നീട്‌ തമിഴ്‌നാട്ടിൽ മറ്റൊരു പേരിൽ ജീവിച്ച്‌ മരിക്കുകയായിരുന്നു.

റോസിക്ക്‌ ലഭിക്കുന്ന ആദരം കൂടിയാണിത്‌. റോസിയുടെ വേഷം ചെയ്‌തത്‌ അഭിരാമി ബോസാണ്‌. 2022ൽ കേരള രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ അഖിലിന്റെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. അനിമേഷനും വിഎഫ്‌എക്‌സും ചെയ്‌തത്‌ സജി ജുനിയറാണ്‌.







Tags
deshabhimani section

Related News

View More
0 comments
Sort by

Home