അൽമൊദോവറിന്റെ 
ആരാധകർക്കായി 
‘ദ റൂം നെക്സ്റ്റ് ഡോർ’

The Room Next Door
വെബ് ഡെസ്ക്

Published on Dec 15, 2024, 08:38 AM | 1 min read

എന്റെ കഥാപാത്രങ്ങളെപ്പോലെയാണ് ഞാൻ ജീവിക്കുന്നതെങ്കിൽ പതിനാറു സിനിമയെടുത്തു തീരുംമുമ്പേ ഞാൻ മരിച്ചു പോയേനേയെന്ന് സ്പാനിഷ് സംവിധായകൻ പെദ്രോ അൽമൊദോവർ ഒരിക്കൽ പറഞ്ഞു. അത്രയ്ക്കു വിചിത്രമായ ജീവിതമുഹൂർത്തങ്ങളിലൂടെയാണ് അൽമൊദോവർ തിരശ്ശീലയിൽ സൃഷ്ടിച്ച മനുഷ്യർ കടന്നുപോയിട്ടുള്ളത്. ഏതാനും വർഷങ്ങൾക്കുമുമ്പ്‌ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച അൽമൊദോവറിന്റെ റെട്രോസ്പെക്ടീവ് കണ്ടവർക്ക് അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും. സിനിമയ്ക്ക് ഉൾക്കൊള്ളാനാകുന്ന വിഷയങ്ങൾക്ക് പരിധികളില്ലെന്ന യാഥാർഥ്യം ഏറ്റവും നന്നായി ഉൾക്കൊണ്ടിട്ടുള്ള ചലച്ചിത്രകാരന്മാരിലൊരാളാണ് അൽമൊദോവർ. സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്ന മെലോഡ്രാമയും പശ്ചാത്തല സംഗീതവും പ്രമേയവുമായി ഇഴുകിച്ചേർന്നു പോകാറുണ്ട്.

നാടകീയതയെ സ്വാഭാവികമായി അവതരിപ്പിക്കാനുള്ള വൈദഗ്ധ്യം അൽമൊദോവറിനെ ഒരേസമയം ജനപ്രിയസിനിമയോടും ആർട്ട് ഹൗസ് സിനിമയോടും ചേർത്തുനിർത്തുന്നു. 1980ൽ പെപി ലൂസി ബോം ആൻഡ് അദർ ഗേൾസ് ഓൺ ദ ഹീപ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രജീവിതമാരംഭിച്ച അൽമൊദോവറിന്റെ ഇരുപത്തിമൂന്നാമത്തെ ഫീച്ചർ സിനിമയാണ് ഞായറാഴ്ച പ്രദർശിപ്പിക്കുന്ന ദ റൂം നെക്സ്റ്റ് ഡോർ. 1974 മുതൽ സംവിധാനം ചെയ്ത 15 ഷോർട്ട് ഫിലിമുകളും അൽമൊദോവറിന്റെ ക്രെഡിറ്റിലുണ്ട്.

മറ്റു പല സിനിമകളിലുമെന്നപോലെ ഈ ചിത്രത്തിലും വിചിത്രമായൊരു കഥാപരിസരമാണ് അൽമൊദോവർ അവതരിപ്പിക്കുന്നത്. വർഷങ്ങളായി തമ്മിൽ കണ്ടിട്ടില്ലാത്ത മാർത്ത എന്ന കൂട്ടുകാരിയെ എഴുത്തുകാരിയായ ഇൻഗ്രിഡ് തേടിച്ചെല്ലുന്നു. മാർത്ത ഇൻഗ്രിഡിനോട് വിചിത്രമായൊരു ആവശ്യം ഉന്നയിക്കുന്നു – ആത്മഹത്യ ചെയ്യാൻ ഇൻഗ്രിഡ് മാർത്തയെ സഹായിക്കണം. അൽമൊദോവറിന്റെ ഏറ്റവും വിമർശിക്കപ്പെട്ട സിനിമകളിൽപ്പോലും ഓർത്തിരിക്കാവുന്ന ഏതെങ്കിലും ജീവിതമുഹൂർത്തമുണ്ടാകും. അൽമൊദോവർ സ്വന്തം കഥാപാത്രങ്ങളെപ്പറ്റി പറഞ്ഞ ഈ വാക്യത്തിൽനിന്ന് അതു മനസ്സിലാകും– ‘എന്റെ കഥാപാത്രങ്ങൾ കൊലപാതകികളും ബലാത്സംഗകരുമൊക്കെയാണ്. പക്ഷേ, ഞാനവരെ ക്രിമിനലുകളായി കണക്കാക്കാറില്ല. അവരിലെ മനുഷ്യത്വത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.’



Tags
deshabhimani section

Related News

View More
0 comments
Sort by

Home