print edition ഐഎഫ്‌എഫ്‌കെ രജിസ്‌ട്രേഷൻ സി ഡിറ്റിൽതന്നെ; ഒഴിവായത് വൻ ഡാറ്റ ചോർച്ച

ബിമൽ പേരയം
Published on Nov 26, 2026, 12:42 AM | 1 min read
തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഒഴിവായത് വൻ ഡാറ്റ ചോർച്ച. ഡെലിഗേറ്റ് രജിസ്ട്രേഷൻ സോഫ്റ്റ്‌വെയർ നിർമിച്ച് 10 വർഷത്തോളമായി പരിപാലിക്കുന്നത് സർക്കാർ ഏജൻസിയായ സിഡിറ്റാണ്. സിഡിറ്റിനെ ചുമതലയിൽനിന്ന് നീക്കി വൻ അഴിമതിക്ക് കളമൊരുക്കാനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രന്റെ നേതൃത്വത്തിൽ നീക്കമാരംഭിച്ചത്.
ഇത് പൊളിഞ്ഞതോടെ ആയിരക്കണക്കിന് പ്രതിനിധികളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങളുടെ കൈകളിലെത്തുമെന്ന ആശങ്ക ഒഴിവായി. തുടർച്ചയായി മേള കൈകാര്യം ചെയ്‌തിരുന്ന സിഡിറ്റ് ടീമിനെ പൊളിക്കാനും ചെയർമാന്റെ ഭാഗത്തുനിന്ന് ആസൂത്രണം നടന്നിരുന്നു.
വിദ്യാർഥികൾ, യുവാക്കൾ, സീനിയർ സിറ്റിസൺസ്, വനിതകൾ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന വിവിധ പ്രായത്തിലും സാമ്പത്തിക സ്ഥിതിയിലും വ്യത്യസ്ത അഭിരുചികളിലുമുള്ളവരുടെ വിവരങ്ങളാണ് സിഡിറ്റ് സൂക്ഷിക്കുന്നത്.
നിർമിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും വ്യാപകമാകുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങൾ വാണിജ്യപരമായും മറ്റ് ആവശ്യങ്ങൾക്കായും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. വ്യക്തികളുടെ പ്രായം, ഇ–-മെയിൽ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, സാമൂഹ്യ പശ്ചാത്തലം, താൽപ്പര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡാറ്റാബേസുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തരം വിവരങ്ങൾ കൈമാറുകയോ ചോരുകയോ ചെയ്താൽ വ്യക്തികളുടെ സ്വകാര്യതയെയും ഡിജിറ്റൽ സുരക്ഷയെയും ബാധിക്കും.
ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസിയുടെ ഉത്തരവാദിത്വം നിർണായകമാണ്. 2017 മുതൽ ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിന്റെ സാങ്കേതിക പങ്കാളിയാണ് സി-ഡിറ്റ്. ഇതിനുമുന്പ് ലക്ഷങ്ങൾമുടക്കി സോഫ്‌റ്റ്‌വെയർ വാടകയ്ക്കെടുത്താണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരുന്നത്. ഇത് ചലച്ചിത്ര അക്കാദമിക്ക് വൻ സാന്പത്തികബാധ്യതയായിരുന്നു.









0 comments