കാഴ്‌ചപ്പൂരം ഇന്ന് സമാപിക്കും
print edition ആറു ചിത്രങ്ങൾക്ക് അനുമതി ഇല്ലെന്ന് കേന്ദ്രസർക്കാർ ; നയതന്ത്രബന്ധം വഷളാക്കും

തിരുവനന്തപുരം
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആറു ചിത്രങ്ങൾ നയതന്ത്രബന്ധത്തെ ബാധിക്കുമെന്നതിനാൽ പ്രദർശിപ്പിക്കരുതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം. ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങൾക്കാണ് സെന്‍സര്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം കത്തയച്ചത്. അസാധാരണ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. അതേസമയം, കഴിഞ്ഞദിവസങ്ങളിലായി ക്ലാഷ് (ഇൗജിപ്‌ത്), ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു (പലസ്‌തീൻ) എന്നിവ ഒഴികെയുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ‘ക്ലാഷ്’ കേന്ദ്രസർക്കാർ നടത്തുന്ന ഗോവയിലെ ഐഎഫ്‌എഫ്‌ഐയിൽ 2016ൽ പ്രദർശിപ്പിച്ചതാണ്. അതേവർഷം കേരളത്തിലെ മേളയിൽ സുവർണചകോരവും നേടി.
മേള തുടങ്ങി ദിവസങ്ങൾ കഴിയുന്നതിനുമുന്പ് 19 ചിത്രങ്ങൾക്കാണ് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്. പിന്നീട് 12 ചിത്രങ്ങൾക്ക് അനുമതി നൽകി. ബമാകോ, ബീഫ്, ഹാർട്ട് ഓഫ് ദ വൂൾഫ്, റെഡ്‌റെയിൻ, ബാറ്റില്‍ഷിപ് പൊട്ടംകിന്‍, പലസ്തീന്‍ 36, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, റിവര്‍സ്റ്റോണ്‍, ദി അവര്‍ ഓഫ് ദ ഫര്‍ണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, ടിംബക്ടൂ, വാജിബ് എന്നീ ചിത്രങ്ങൾക്കാണ് അനുമതി നൽകിയത്. ഇതിൽ പലസ്‌തീൻ 36 മേളയുടെ ഉദ്‌ഘാടനചിത്രമായിരുന്നു. സന്തോഷ് എന്ന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് കേന്ദ്രസർക്കാർ നേരത്തേ അനുമതി നൽകിയിരുന്നില്ല. ലോകസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ബാറ്റില്‍ഷിപ് പൊട്ടംകിൻ എന്ന ചിത്രത്തിന് ആദ്യഘട്ടത്തിൽ അനുമതി നൽകാത്തത് സാധാരണ സിനിമാപ്രവർത്തകരെപ്പോലും ഞെട്ടിച്ചിരുന്നു.
കാഴ്‌ചപ്പൂരം ഇന്ന് സമാപിക്കും
30–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് വെള്ളിയാഴ്‌ച തിരശ്ശീല വീഴും. എൺപതിലധികം രാജ്യങ്ങളിലെ ഇരുനൂറോളം ചിത്രങ്ങളാണ് എട്ടുനാൾ മേളയിൽ പ്രദർശിപ്പിച്ചത്. സമാപനദിനത്തിൽ ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വൈകിട്ട് ആറിന് നിശാഗന്ധിയിൽ സമാപനസമ്മേളനം നടക്കും. സുവർണ ചകോരം ഉൾപ്പെടെയുള്ള വിവിധ പുരസ്‌കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും. തുടർന്ന് സുവർണ ചകോരം ലഭിച്ച സിനിമ പ്രദർശിപ്പിക്കും.










0 comments