ഇടുക്കിയിൽ ഒരു വയസുള്ള ഇരട്ട കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; തിന്നർ കുടിച്ചെന്ന് പിതാവ്, കസ്റ്റഡിയിൽ

ഇടുക്കി: ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. ഇടുക്കി അടിമാലി ഒഴുവത്തടത്താണ് സംഭവം. വലിയകാട്ടിൽ അഫ്‌സൽ - സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാൻ - റിഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയാണ് ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. പിതാവ് അഫ്‌സൽ ആണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കുഞ്ഞുങ്ങൾ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ കുടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. എന്നാൽ പ്രാഥമിക പരിശോധനയിൽ തിന്നറിന്റെ അംശം കണ്ടെത്തിയിട്ടില്ല എന്നാണ് സൂചന. സംഭവത്തിൽ കുട്ടികളുടെ പിതാവായ അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഫ്‌സലിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും മൊഴികൾ മാറ്റി പറയുന്നു എന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു. ഉടൻ തന്നെ ഒരു കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവർക്കും ജീവൻ രക്ഷിക്കാനായില്ല. ഒരു കുഞ്ഞിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലും, മറ്റൊരു കുഞ്ഞിന്റെ മൃതദേഹം അടിമാലി മോണിങ് സ്റ്റാർ ഹോസ്പിറ്റൽ മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.










0 comments