ശശി തരൂരിനൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ചു; ഭിന്നശേഷിക്കാരനായ പ്രവർത്തകനെ മർദ്ദിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ്

ഇടുക്കി: കുമളിയിൽ ശശി തരൂർ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ തന്നെ വലിയ പ്രതിഷേധം ഇരമ്പുകയാണ്. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റും ഭിന്നശേഷിക്കാരനുമായ പ്രവർത്തകനാണ് മർദ്ദനമേറ്റത്.
ശശി തരൂരിനൊപ്പം ഒരു സെൽഫി എടുക്കാൻ ശ്രമിച്ചതായിരുന്നു ഇദ്ദേഹം ചെയ്ത 'കുറ്റം'. ഇതുകണ്ട് പ്രകോപിതനായ സി പി മാത്യു പ്രവർത്തകനെ ക്രൂരമായി തള്ളിമാറ്റുകയായിരുന്നു. തള്ളലിൽ നിലതെറ്റിയ പ്രവർത്തകനെ രക്ഷിക്കാൻ എത്തിയ മറ്റ് പ്രാദേശിക നേതാക്കൾക്ക് നേരെയും ഡിസിസി പ്രസിഡന്റ് ആക്രോശിച്ചു. പാർട്ടി പ്രവർത്തകരെ മാത്രമല്ല, വിനോദസഞ്ചാരത്തിന് എത്തിയവരേയും കോൺഗ്രസ് സംഘം വെറുതെ വിട്ടില്ല.
തരൂരിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ ടൂറിസ്റ്റ് വാഹനങ്ങൾ തടഞ്ഞതിനെച്ചൊല്ലി വലിയ തർക്കമാണ് കുമളിയിൽ നടന്നത്. ടൂറിസ്റ്റ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ ഭീഷണി മുഴക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ ഇത്തരം നടപടികൾ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെയും അച്ചടക്കമില്ലായ്മയുടെയും ഭാഗമാണെന്ന് ആക്ഷേപമുണ്ട്.
സ്വന്തം അണികളോടും പൊതുജനത്തോടും മാന്യമായി പെരുമാറാൻ അറിയാത്ത നേതാക്കൾ നാടിന് അപമാനമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ മേഖലയിൽ കോൺഗ്രസിനുള്ളിൽ രാജിഭീഷണിയും ഉയർന്നിട്ടുണ്ട്.











0 comments