Deshabhimani

print edition ഐഡിബിഐ ബാങ്ക്‌ ഓഹരിവിൽപ്പന രാജ്യതാൽപ്പര്യത്തിന്‌ വിരുദ്ധം: സിഐടിയു

citu
avatar
സ്വന്തം ലേഖകൻ

Published on Oct 17, 2026, 01:00 AM | 1 min read

ന്യൂഡൽഹി : ഐഡിബിഐ ബാങ്ക്‌ ഓഹരികൾ കനേഡിയൻ സ്ഥാപനത്തിന്‌ വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യതാൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമെന്ന്‌ സിഐടിയു. 60.72 ശതമാനം ഓഹരി ഫെയർഫാക്‌സ്‌ ഫിനാൻഷ്യൽ ഹോൾഡിങ്സിന്‌ വിൽക്കാനാണ്‌ കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തികകാര്യ സമിതി തീരുമാനിച്ചത്‌.


4.67 ലക്ഷം കോടിയുടെ അറ്റ ആസ്‌തിയുള്ള ബാങ്കിനെ വെറും 52,878 കോടി രൂപയ്ക്കാണ്‌ വിൽക്കുന്നത്‌. മോദിസർക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ തന്ത്രപരമായ ഓഹരി വിറ്റഴിക്കലാണിത്‌. 2017–2018ൽ 36,915 കോടി രൂപയ്ക്ക്‌ എച്ച്‌പിസിഎൽ ഓഹരികൾ വിറ്റഴിച്ചു. 2022ൽ 18000 കോടിക്ക്‌ എയർ ഇന്ത്യയെ ടാറ്റാഗ്രൂപ്പിന്‌ കൈമാറി. ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരി വിറ്റഴിക്കുന്നതിലൂടെ നടപ്പുബജറ്റിൽ വിവിധ മൂലധന വരവുകൾക്കായി (എംസിആർ) നിശ്ചയിച്ച 80,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യം സർക്കാരിന്‌ കൈവരിക്കാനാകുമെന്നാണ്‌ വിലയിരുത്തൽ.


‘ഓഹരി വിറ്റഴിക്കൽ’ എന്ന പ്രയോഗത്തിന്‌ പകരം സർക്കാർ ഇപ്പോൾ ‘എംസിആർ’ എന്ന പ്രയോഗമാണ്‌ ബജറ്റ്‌ രേഖകളിൽ ഉപയോഗിക്കുന്നത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ കൂടുതൽ ഉ‍ൗർജിതമാക്കി ഒരുലക്ഷം കോടിയിലധികം സമാഹരിക്കാനാണ്‌ നീക്കം. ജനാധിപത്യ വിശ്വാസികൾ വോട്ടവകാശം സംരക്ഷിക്കാൻ പൊരുതുന്പോൾ സർക്കാർ രാജ്യസന്പത്ത്‌ ആഭ്യന്തര, വിദേശ കോർപറേറ്റുകൾക്ക്‌ തീറെഴുതുകയാണ്‌. ധനകാര്യ മേഖലയിലേക്ക്‌ വിദേശ സ്ഥാപനങ്ങൾക്ക്‌ പ്രവേശനം അനുവദിക്കുകയെന്ന നയത്തിന്റെ ഭാഗമാണ്‌ ഐഡിബിഐ ബാങ്ക്‌ ഓഹരി വിറ്റഴിക്കലെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home