ad
Deshabhimani

ഐ സി ബാലകൃഷ്‌ണന്റെ സ്ഥാനാർഥിത്വം; ഉപവാസം ആരംഭിച്ച് എൻ എം വിജയന്റെ കുടുംബം

n m vijayan family

എൻ എം വിജയന്റെ കുടുംബം ഉപവാസ സമരം നടത്തുന്നു

വെബ് ഡെസ്ക്

Published on Apr 07, 2026, 12:51 PM | 1 min read

ബത്തേരി: സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി ഐ സി ബാലകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തുന്ന ഇന്ന് ഉപവാസം ആരംഭിച്ച് എൻ എം വിജയന്റെ കുടുംബം. ഐ സി. ബാലകൃഷ്‌ണനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും മക്കളും ബത്തേരി ഗാന്ധി സ്ക്വയറിൽ സമരമിരിക്കുന്നത്. 'ഞങ്ങളുടെ അച്ഛനെയും അനുജനെയും ഐ സി ബാലകൃഷ്ണൻ വഞ്ചിച്ച് കൊന്നതാണ്, നീതിക്കായി ഉപവാസം' എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം.


ഐ സി ബാലകൃഷ്‌ണനെ സ്ഥാനാർഥിയാക്കരുതെന്ന് പ്രിയങ്ക ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, നീതി ഉറപ്പാക്കുമെന്നും അദ്ദേഹത്തെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തുമെന്നും പ്രിയങ്ക ഉറപ്പുനൽകിയിരുന്നതായും കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഈ ഉറപ്പിന് വിരുദ്ധമായി അദ്ദേഹത്തെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് കുടുംബത്തോടുള്ള അനീതിയാണെന്ന് അവർ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായാൽ കാണിച്ചുതരാമെന്ന് ബാലകൃഷ്‌ണൻ തങ്ങളെ ഭീഷണിപ്പെടുത്തിയതായും നിലവിൽ ഒന്നരക്കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നും കുടുംബം വ്യക്തമാക്കി.


ഐ സി ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റായിരിക്കെയാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത്‌ കോഴ വാങ്ങിയത്‌. ട്രഷററായിരുന്ന വിജയനെ ഇടനിലക്കാരനാക്കിയാണ്‌ പണം വാങ്ങിയത്‌. എന്നാൽ തുക ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തതോടെ ബാധ്യത വിജയന്റെ ചുമലിലായി. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത്.


ഈ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കേസിലും നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും ഐ സി ബാലകൃഷ്‌ണൻ ഒന്നാം പ്രതിയാണ്. ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തെന്ന്‌ വിജയന്റെ ആത്മഹത്യാ കുറിപ്പിലും പരാമർശിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home