കരിപ്പൂരിൽ 9 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 9 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ പ്രൻറിജിൽ (35), തലശ്ശേരി പെരുന്താറ്റിൽ ഹിമം വീട്ടിൽ റോഷൻ ആർ ബാബു (33) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അബുദാബിയിൽ നിന്നെത്തിയ ഇത്തിഹാദ് എയർവേയ്സ് വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. യാത്രക്കാരൻ്റെ വലിയ ട്രോളി ബാഗിൽ നിന്നാണ് 14 വാക്വം പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.
വിമാനത്താവളത്തിൽ ഈ കഞ്ചാവ് ഏറ്റുവാങ്ങാനായി കാത്തുനിന്ന റോഷനും റിജിലുമാണ് പൊലീസിൻ്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് പൊലീസ് ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് കടത്ത് വെളിപ്പെട്ടത്. കഞ്ചാവ് കടത്തിയ യാത്രക്കാരൻ കടന്നുകളഞ്ഞു. ടാക്സി കാറിൽ ട്രോളി ബാഗ് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.









0 comments