ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം ഒരുമാസത്തിനകം കൊച്ചിയിൽ 12 പേരുടെ മൊഴിയെടുത്തു


ഫെബിൻ ജോഷി
Published on Apr 27, 2025, 02:39 AM | 1 min read
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് അന്വേഷക സംഘം ശനിയാഴ്‌ച 12 പേരുടെകൂടി മൊഴി രേഖപ്പെടുത്തി. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തസ്‌ലിമയുമായി ഫോണിൽ ആശയവിനിമയം നടത്തിയ ആളുകളെയാണ് ആലപ്പുഴ എക്സൈസ് അസി. കമീഷണർ എസ് അശോക്‌കുമാറും സംഘവും എറണാകുളത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഇവർക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തിയിരുന്നു.
തസ്‌ലിമ എറണാകുളത്ത് ഹൈബ്രിഡ് കഞ്ചാവിന് ആവശ്യക്കാരെ കണ്ടെത്തിയതടക്കം വിവരങ്ങൾ ലഭിച്ചിരുന്നു. കഞ്ചാവ് റോഡ് മാർഗം കൊച്ചിയിൽ എത്തിച്ചെങ്കിലും വിലതർക്കത്തിൽ വിൽപ്പന മുടങ്ങി. ഞായറാഴ്‌ചയും കൂടുതൽ പേരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
ആരോപിതരായ നടന്മാരെയും മോഡലിനെയും ചോദ്യംചെയ്യാൻ 40 ചോദ്യങ്ങളടങ്ങിയ പ്രത്യേക ചോദ്യാവലി തയ്യാറാക്കി. ഈ ചോദ്യങ്ങളും തസ്‌ലിമയുടെ ഫോണിൽനിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും ഉന്നയിച്ചാകും നടൻമാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യംചെയ്യുക. വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ ചോദ്യങ്ങൾ ചേർക്കും.
തിങ്കളാഴ്ച ആലപ്പുഴയിലെ എക്‌സൈസ് സർക്കിൾ ഓഫീസിൽ ഹാജരാകാനാണ് നടന്മാർക്കും ഇടനിലക്കാരിയെന്ന് സംശയിക്കുന്ന മോഡലിനും നോട്ടീസ് നൽകിയത്. ഒറ്റയ്‌ക്കൊറ്റയ്‌ക്കായും ഒരുമിച്ചിരുത്തിയും മൂവരിൽനിന്നും എക്‌സൈസ് വിവരങ്ങൾ തേടും. തസ്‌ലിമയ്‌ക്കും ഇവർ മൂന്നുപേർക്കുമിടയിൽ സാമ്പത്തിക ഇടപാടുണ്ടെന്നാണ് കണ്ടെത്തൽ.
മുൻ ബിഗ്‌ബോസ് താരത്തെയും സിനിമ നിർമാതാക്കളുടെ സഹായിയായ യുവാവിനെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച ഹാജരാകാനാണ് നിർദേശം. ഇവരുമായും സാമ്പത്തിക ഇടപാട് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ഫോണുകളടക്കം ശാസ്‌ത്രീയ പരിശോധനയ്‌ക്ക് എക്‌സൈസ് അയച്ചിരുന്നു. ഇതുംശേഖരിച്ച് ഒരു മാസത്തിനകം കുറ്റപത്രം നൽകാനാണ് എക്‌സൈസ് നീക്കം.









0 comments