ഹൈബ്രിഡ് കഞ്ചാവ് കേസ്: മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു

സുൽത്താൻ, ഫിറോസ്, തസ്‌ലീമ
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു. തമിഴ്‌നാട് എണ്ണൂർ സത്യവാണിമുത്ത് നഗർ സ്വദേശി സുൽത്താൻ അക്‌ബർ അലി, ഭാര്യ തസ്‌ലീമ സുൽത്താന (ക്രിസ്‌റ്റീന 41), സഹായി മണ്ണഞ്ചേരി സ്വദേശി കെ ഫിറോസ് (26) എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിൽ വിട്ടത്. 24നു വൈകിട്ട് 4 വരെയാണ് കസ്റ്റഡി അനുവദിച്ചത്. ആലപ്പുഴ അഡിഷനൽ ജില്ലാ സെഷൻ കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകനു വക്കാലത്ത് നൽകാൻ തസ്‌ലിമ അപേക്ഷിച്ചെങ്കിലും വക്കാലത്ത് ഫയൽ ചെയ്യാതെ വാദിക്കാനാകില്ലെന്നു കോടതി അറിയിച്ചു.
മാർച്ച് ആദ്യമാണ് സുൽത്താൽ മലേഷ്യയിൽനിന്നും ചെന്നൈയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. എറണാകുളത്തും ആലപ്പുഴയിലും കഞ്ചാവ് എത്തിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് തസ്‍ലിമയും സഹായിയും പിടിയിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുൽത്താനും പിടിയിലാകുകയായിരുന്നു. ഈ മാസം 2ന് ഓമനപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽനിന്ന് ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമയും സഹായിയായ ഫിറോസും പിടിയിലായത്. സുൽത്താനും ഇവരുടെ രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സുൽത്താനെ വിട്ടയച്ചെങ്കിലും എക്‌സൈസ് നിരീക്ഷണം തുടരുകയായിരുന്നു. പിന്നാലെ തമിഴ്നാട്ടിൽ നിന്നാണ് സുൽത്താൻ പിടിയിലായത്.









0 comments