print edition സതീശനുവേണ്ടി പ്രതി തയ്യാറാക്കിയത് 4800 എഫ്ബി പോസ്റ്റ്

മുഹമ്മദ് ഹുസൈൻ വി ഡി സതീശന്റെ ഓഫീസിൽ ഇരിക്കുന്നതായി ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം
തൃക്കരിപ്പൂർ (കാസർകോട്): എംഡിഎംഎയുമായി പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവും ‘ടീം വി ഡി സതീശൻ’ സോഷ്യൽ മീഡിയ കോ– ഓഡിനേറ്ററുമായ കെ എച്ച് മുഹമ്മദ് ഹുസൈൻ വി ഡി സതീശനുവേണ്ടി തയ്യാറാക്കിയത് 4800ലധികം സമൂഹമാധ്യമ പോസ്റ്റ്. ‘ഹുസൈൻ മുസാഫിർ’ എന്ന എഫ്ബി പേജിൽ റീലായും കാർഡായുമാണ് ഇത് വന്നത്.
സതീശൻ വ്യാഴാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ, മുഹമ്മദ് ഹുസൈൻ സമൂഹമാധ്യമ ടീമംഗമല്ലന്ന് പറഞ്ഞത് കള്ളമാണെന്നതിന്റെ തെളിവാണിത്. മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം, വി ഡി സതീശൻ പങ്കെടുത്ത റോഡ് ഷോ, തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ചാർട്ടേഡ് വിമാനത്തിൽ സതീശന്റെ മംഗളൂരു യാത്ര, സത്യപ്രതിജ്ഞാചടങ്ങ്, ഒടുവിൽ കാലവർഷക്കെടുതി മേഖലയിലെ സന്ദർശനം എന്നിവ ഇൗ പേജിലുണ്ട്.
ഫോളോവർമാരിൽ വി ഡി സതീശന്റെ പ്രൊഫൽ ചിത്രത്തോടെ സിഎംഒ കേരളം, മന്ത്രിമാരായ എൻ ഷംസുദ്ദീൻ, സണ്ണി ജോസഫ്, ഒ ജെ ജനീഷ് തുടങ്ങിയവരുമുണ്ട്. തിരുവനന്തപുരത്ത് വി ഡി സതീശന്റെ ഓഫീസിൽ മുഹമ്മദ് ഹുസൈനുവേണ്ടി പ്രത്യേക മുറിയും ഇരിപ്പിടവും കംപ്യൂട്ടർ ഉൾപ്പെടെ സൗകര്യങ്ങളും നൽകിയിരുന്നു.
ഞായറാഴ്‌ച രാവിലെ എംഡിഎംഎയുമായി പിടിയിലായ ശേഷവും ഇയാൾ എഫ്ബി പോസ്റ്റിട്ടു. ‘സ്വന്തം കാര്യങ്ങൾ സാധിക്കാൻവേണ്ടിമാത്രം നമ്മളോട് ചേർന്നുനിന്ന ചിലർ. അവരുടെ കാര്യം കഴിഞ്ഞപ്പോൾ മറന്നു. സംസാരമില്ല, മെസേജിന് മറുപടിയില്ല, വിളിച്ചാൽ ഫോൺ എടുക്കാൻപോലും സമയമില്ല...’ എന്നായിരുന്നു കുറിപ്പ്.










0 comments