ad
Deshabhimani

അപമാനിച്ച്‌ ഇറക്കിവിടൽ: കോൺഗ്രസിൽ തുടർക്കഥ

KPCC
avatar
സാജൻ എവുജിൻ

Published on May 08, 2025, 07:12 PM | 1 min read

ന്യൂഡൽഹി: ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ ഹൈക്കമാൻഡും ഗ്രൂപ്പുകാരും ചേർന്ന്‌ അപമാനിച്ച്‌ ഇറക്കിവിട്ടത്‌ ഒമ്പത്‌ കെപിസിസി പ്രസിഡന്റുമാരെ. 2001ൽ തെന്നല ബാലകൃഷ്‌ണപിള്ളയിൽ തുടങ്ങിയ ചരിത്രം ഇപ്പോൾ കെ സുധാകരനിൽ എത്തി നിൽക്കുന്നു. കേമന്മാരായി അവതരിപ്പിച്ച്‌ ആഘോഷപൂർവം പ്രതിഷ്‌ഠിച്ചവരെയാണ്‌ പിന്നീട്‌ പരാജയപ്പെട്ടവരായി ചിത്രീകരിച്ച്‌ പുറത്തിറക്കിവിടുന്നത്‌. തെന്നല ബാലകൃഷ്‌ണപിള്ളയും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും സർവാദരണീയ നേതാക്കളെന്ന വിശേഷണത്തിലാണ്‌ കെപിസിസി പ്രസിഡന്റുമാരായത്‌. എന്നാൽ ഇവരെ ഒഴിവാക്കിയതിന്റെ കാരണം പോലും വെളിപ്പെടുത്തിയില്ല.


തെന്നല ബാലകൃഷ്‌ണപിള്ളയെ 2001ൽ പുറത്താക്കിയത്‌ യുഡിഎഫ്‌ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്‌ പിന്നാലെ. തെരഞ്ഞെടുപ്പിൽ നയിച്ചതിന്‌ അദ്ദേഹത്തോട്‌ നന്ദി പറയാൻ ഹൈക്കമാൻഡ്‌ തയ്യാറായില്ലെന്ന്‌ പരാതി വന്നു. 2001ൽ കെപിസിസി പ്രസിഡന്റായ കെ മുരളീധരനെ രൂക്ഷമായ ഗ്രൂപ്പ്‌ യുദ്ധം പരിഹരിക്കാൻ 2004ൽ വൈദ്യുതി മന്ത്രിയാക്കി. എന്നാൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തോറ്റ്‌ മുരളീധരൻ നാണം കെട്ടു. വടക്കാഞ്ചേരിയിൽ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റിലാണ്‌ അന്ന്‌ മുരളീധരൻ പരാജയപ്പെട്ടത്‌.


പിന്നീട്‌ വന്ന പി പി തങ്കച്ചനും തെന്നലയും നിഷ്‌പ്രഭരായി പടിയിറങ്ങി. 2005 മുതൽ 2014 വരെ പ്രസിഡന്റായി പ്രവർത്തിച്ച രമേശ്‌ ചെന്നിത്തലയെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ‘താക്കോൽ സ്ഥാനം’ നൽകി ഒഴിവാക്കി. തുടർന്ന്‌ ഹൈക്കമാൻഡ്‌ നിയോഗിച്ച വി എം സുധീരനെ കോൺഗ്രസിലെ ആഭ്യന്തരകലഹം ശക്തമായതോടെ പുറത്താക്കി. ‘ഇടക്കാല അധ്യക്ഷനായി’ എം എം ഹസ്സൻ വന്നു. ഡൽഹിയിൽ നിന്നെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അടുത്ത ഊഴം. എന്നാൽ മുല്ലപ്പള്ളിയെ അപ്രതീക്ഷിതമായി പുറത്താക്കി 2021ൽ കെ സുധാകരനെ നിയമിച്ചു. കോൺഗ്രസിനെ സെമികേഡർ പാർടിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കുമെന്നും വീമ്പ് പറഞ്ഞ സുധാകരനെ ആദ്യമൊക്കെ യുഡിഎഫ്‌ പത്രങ്ങൾ തോളിലേറ്റി. എന്നാൽ ഹൈക്കമാൻഡിന്റെയും ഗ്രൂപ്പ്‌ നേതാക്കളുടെയും ഓപ്പറേഷനിൽ സുധാകരനും വീണു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home