പമ്പാ നദിയിൽ ചാക്കിൽക്കെട്ടിയ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട്
ചെങ്ങന്നൂർ: കല്ലിശേരിയിൽ പമ്പാ നദിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമടങ്ങിയ ചാക്കുകെട്ട് കണ്ടെത്തി. ചെങ്ങന്നൂർ പട്ടണത്തിനു സമീപമുള്ള കല്ലിശേരി റെയിൽവേ പാലത്തിന് താഴെയാണ് സംഭവം ഉണ്ടായത്. നദിയിൽ മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിൽ ചാക്കുകെട്ട് കുടുങ്ങുകയായിരുന്നു.
വലിയ മീൻ കുടുങ്ങിയെന്ന ധാരണയിൽ യുവാക്കൾ ചൂണ്ട വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് യുവാക്കൾ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താണു കിടക്കുന്ന നിലയിൽ കനത്ത ചാക്കുകെട്ട് കണ്ടത്. തുടർന്ന് ഇത് കരയിലെത്തിച്ച് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
മനുഷ്യ അവശിഷ്ടങ്ങൾ അടങ്ങിയ ചാക്കിനുള്ളിൽ അസ്ഥികൾക്കൊപ്പം പൂജാ കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളും കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ദഹിപ്പിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൂജാസാധനങ്ങൾക്കൊപ്പം ആറ്റിൽ ഒഴുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എങ്കിലും സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ ദുരൂഹതകളോ ഉണ്ടോ എന്ന് പൂർണ്ണമായി ഉറപ്പുവരുത്താൻ വിശദമായ ഫോറൻസിക് പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ ചെങ്ങന്നൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അസ്ഥികൂടാവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു.










0 comments