തീരദേശ ഹൈവേ പദ്ധതി: ആശങ്കകൾ കളക്ടറെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : നിർദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ ജില്ലാ കളക്ടർക്ക് എഴുതി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പരാതി ലഭിച്ചാൽ ജില്ലാ കളക്ടർ അത് പരിശോധിച്ച് നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. നിർദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതിയുടെ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്യാൻ കമ്മീഷന് അധികാരമില്ലെന്നും ബന്ധപ്പെട്ട കോടതിയിലാണ് അത് ചോദ്യം ചെയ്യേണ്ടതെന്നും ഉത്തരവിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രദേശവാസികൾ ഉന്നയിച്ചിരിക്കുന്ന ആശങ്കകളുടെ നിജസ്ഥിതി പ്രദേശവാസികളെ അറിയിക്കുന്നതിലേക്കായി വിശദമായ ഒരു റിപ്പോർട്ട് ലഭ്യമാക്കാൻ നിർവ്വഹണ ഏജൻസിയായ നാറ്റ്പാക്കിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സേവ് കോസ്റ്റൽ ലാന്റ് ആക്ഷൻ കൗൺസിൽ വലിയവേളി പ്രതിനിധികളെയും എക്സിക്യൂട്ടീവ് എഞ്ചിനീയറെയും നാറ്റ്പാക് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിക്കാൻ ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പദ്ധതി നടപ്പിലായാൽ തീരദേശവാസികൾക്കു ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പരാതിക്കാർ പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിന് വിഘാതമായി നിൽക്കുന്ന തീരദേശ ഹൈവേ പദ്ധതി ഒഴിവാക്കണമെന്ന് പരാതിക്കാരനായ സേവ് കോസ്റ്റൽ ലാന്റ് ആക്ഷൻ കൗൺസിൽ കൺവീനർ മാഗ്ലിൻ പീറ്ററുടെ നേതൃത്വത്തിൽ 1352 പേർ ഒപ്പിട്ട് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.










0 comments