print edition ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം ; 14 വയസ്സുകാരികള്‍ക്കും എച്ച്പിവി വാക്സിനേഷന്‍

തിരുവനന്തപുരം
ഗര്‍ഭാശയഗള (സെര്‍വിക്കല്‍) അർബുദം തടയാൻ 14 വയസുള്ള പെണ്‍കുട്ടികള്‍ക്കും വാക്സിൻ നൽകുന്ന എച്ച്പിവി വാക്സിനേഷന്‍ യജ്ഞം ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് മാസത്തിനകം ഒറ്റ ഡോസ് വാക്സിനാണ് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽനിന്ന് നല്‍കുക. ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം ക്യാമ്പയിന്റെ ഭാഗമായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്.
ഒരു ഡോസിന് 4000 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഇൗ സേവനം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിൽസൗജന്യമാണ്. https://uwin.mohfw.gov.in/home എന്ന വെബ്‌സൈറ്റില്‍ ജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തിയും രജിസ്റ്റർ ചെയ്യാം. വിവരങ്ങള്‍ക്ക് ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ സമീപിക്കാം.
നാഷണല്‍ ടെക്നിക്കല്‍ അഡ്-വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനും (എന്‍ടിഎജിഐ) ലോകാരോഗ്യ സംഘടനയും എച്ച്പിവി വാക്‌സിനേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതില്‍ എച്ച്പിവി വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണ്. എച്ച്പിവി വാക്‌സിന്‍ ഗര്‍ഭാശയഗള അർബുദത്തിന് കാരണമാകുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികള്‍ വികസിപ്പിക്കും. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഉണ്ടാകുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയില്‍ ശനി പകല്‍ രണ്ടിന് മന്ത്രി വി ശിവന്‍കുട്ടി വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിക്കും. മേയര്‍ വി വി രാജേഷ് അധ്യക്ഷനാകും.










0 comments