ad
Deshabhimani

print edition വാഗ്‌ദാനം ചെയ്‌ത വീട്‌ തൂണിൽ അവസാനിച്ചു; ടി സിദ്ദിഖിന്റെ വഞ്ചനയിൽ കുരുങ്ങി ശ്രുതിയും

T Siddique Wayanad Sruthy House Scam

കൽപ്പറ്റ പൊന്നടയിൽ ശ്രുതിയുടെ വീടിനായി നിർമിച്ച കോൺക്രീറ്റ്‌ തൂണുകൾ കാടുമൂടിയ നിലയിൽ (ഇടത്), ശ്രുതി (വലത്)

avatar
സ്വന്തം ലേഖകൻ

Published on Apr 05, 2026, 03:45 AM | 1 min read

കൽപ്പറ്റ: ടി സിദ്ദിഖിനെ വിശ്വസിച്ച, വയനാട്ടിലെ ശ്രുതിയുടെയും വീടെന്ന സ്വപ്‌നം പൊലിഞ്ഞു. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും തുടർന്നുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട്‌ കേരളത്തിന്റെ നൊന്പരമായി മാറിയ ശ്രുതിക്ക്‌ വാഗ്‌ദാനം ചെയ്‌ത വീട്‌ തൂണിൽ അവസാനിച്ചു. വീട്‌ ലഭിക്കില്ലെന്ന്‌ ഉറപ്പായതോടെ സർക്കാരിന്റെ ട‍ൗൺഷിപ്പിൽ വീട്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രുതി കലക്ടർക്ക്‌ അപേക്ഷ നൽകി. എംഎൽഎയുടെ വാക്ക്‌ വിശ്വസിച്ച്‌ ട‍ൗൺഷിപ്പിൽ വീട്‌ വേണ്ടെന്നുവച്ച്‌ സർക്കാരിൽനിന്ന്‌ കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകാമെന്നും വീട്‌ അനുവദിക്കണമെന്നുമാണ്‌ ശ്രുതിയുടെ അപേക്ഷ.


120 ദിവസത്തിൽ നിർമിച്ചുനൽകുമെന്ന്‌ പറഞ്ഞ്‌ 2024 സെപ്‌തംബർ 26നാണ്‌ കൽപ്പറ്റ പൊന്നടയിൽ വീടിന്‌ സിദ്ദിഖ്‌ തറക്കല്ലിട്ടത്‌. ഒരുസ്വകാര്യ സ്ഥാപനവുമായി ചേർന്ന്‌ വീട്‌ നിർമിക്കുമെന്നായിരുന്നു വാഗ്‌ദാനം. വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ശ്രുതിയെ ആംബുലൻസിൽ സ്ഥലത്തെത്തിച്ചാണ്‌ തറക്കല്ലിട്ടത്‌. വീടിന്റെ പ്ലാൻ സിദ്ദിഖ്‌ ആംബുലൻസിനരികിലെത്തി വിവരിച്ചു. റീൽസും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌ത്‌ ‘രക്ഷക വേഷം’ കെട്ടി. എന്നാൽ തറക്കല്ലിട്ട്‌ 18 മാസം കഴിഞ്ഞിട്ടും തൂണിലൊതുങ്ങി കാടുമൂടി കിടക്കുകയാണ്‌ വീട്‌.


ദുരന്തത്തിൽ കുടുംബാംഗങ്ങളും പിന്നീട്‌ പ്രതിശ്രുത വരനും നഷ്ടമായപ്പോൾ ശ്രുതി ഒറ്റപ്പെടില്ലെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. വിവിധ സഹായങ്ങൾക്കൊപ്പം റവന്യു വകുപ്പിൽ ജോലി നൽകി ശ്രുതിയെ ചേർത്തണച്ചു. ശ്രുതിയെ സിദ്ദിഖ്‌ പറഞ്ഞുപറ്റിച്ചുവെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൽപ്പറ്റ എംഎൽഎയെ വിശ്വസിച്ചാണ്‌ ശ്രുതി ട‍ൗൺഷിപ്പിൽ വീട്‌ വേണ്ടെന്ന്‌ വച്ചത്‌. താൻ വീട്‌ നൽകുമെന്ന്‌ പറഞ്ഞിട്ടില്ലെന്നാണ്‌ ടി സിദ്ദിഖ്‌ ഇപ്പോൾ പ്രതികരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home