പൊലിമയ്‌ക്കായി പൊലിയുന്നു മനുഷ്യജീവനുകൾ; മുന്നറിയിപ്പുകളും ജാഗ്രതാ നിർദേശളും പാലിക്കപ്പെടുന്നില്ല

മുണ്ടത്തിക്കോട് അപകടസ്ഥലത്ത് പരിശോധന നടത്തുന്ന പൊലീസ്
സി എ പ്രേമചന്ദ്രന്‍
Published on Apr 23, 2026, 08:46 AM | 1 min read
തൃശൂർ: വെടിക്കെട്ട് ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും മുന്നറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും പാലിക്കുന്നില്ലെന്ന് വിദ്‌ഗധർ. പൊലിമയ്‌ക്കുവേണ്ടി നിയമങ്ങൾ കാറ്റിൽപ്പറത്തുമ്പോൾ പൊലിയുന്നത് നിരവധി മനുഷ്യജീവനുകൾ. വെടിക്കെട്ടുപുരകളിൽ വൻതോതിൽ കരിമരുന്നുകൾ ശേഖരിക്കുന്നത് ദുരന്തങ്ങൾക്ക് തീ കൊളുത്തുന്നു. മുണ്ടത്തിക്കോട് ദുരന്ത സ്ഥലത്തുനിന്ന് 30 മീറ്റർ അകലെ വെടിമരുന്ന് അലക്ഷ്യമായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
വെടിക്കെട്ട് സാമഗ്രികളുടെ നിർമാണവും മിശ്രിതം തയ്യാറാക്കുന്നതുമെല്ലാം കലക്ടറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അനുമതിയുള്ള ലൈസൻസ് ഫാക്ടറി ഷെഡുകളിൽ മാത്രമേ ചെയ്യാവൂ എന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ ജോ. ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ് ആയിരുന്ന ഡോ. ആർ വേണുഗോപാൽ പറഞ്ഞു.
ഓരോ ഷെഡിലുമുള്ള ആളുകളുടെ നിയന്ത്രണം, വെടിക്കെട്ട് മിശ്രിതങ്ങളുടെ അളവ് എന്നിവയെല്ലാം നിയമങ്ങളിലും ചട്ടങ്ങളിലും കൃത്യമായി പറയുന്നു. പലപ്പോഴും ഇത് പാലിക്കപ്പെടാത്തതിനാൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, കാർബൺ തുടങ്ങിയവ ചേർത്താണ് വെടിമരുന്നുണ്ടാക്കുന്നത്. വെടിമരുന്നാക്കിയ ശേഷം അശ്രദ്ധമായി കൂട്ടിയിട്ടാൽ അപകടത്തിന് വഴിതുറക്കും. മരുന്നുകൾ കൂട്ടുന്ന പുരയും പണിശാലയും സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിനും നിശ്ചിത ദൂരത്തിൽ അല്ലാത്തത് അപകട തീവ്രത വർധിപ്പിക്കും.
അനുവദനീയ ക്രമംവിട്ട് പലരും മരുന്ന് ശേഖരിക്കുന്നു. അമിട്ടുകൾക്ക് തിളക്കവും നിറവും കൂട്ടാനായി ചിലർ പലയിടങ്ങളിലും നിരോധിച്ച വെടിമരുന്നുകൾ ഉപയോഗിക്കുന്നു. ഇത്തരം മരുന്നുകൾ പെട്ടെന്ന് തീ പിടിച്ച് അപകടത്തിന് വഴിയൊരുക്കുമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകാറുണ്ട്.
വെടിക്കെട്ട് പുരയിൽ പുകവലി, പാചകം ഇവയെല്ലാം പൂർണമായും ഒഴിവാക്കണം. ഇരുമ്പ് ആയുധങ്ങളുടെ ചെറിയ ഉരസൽ വഴിയുണ്ടാവുന്ന തീപ്പൊരി വീണും അപകടമുണ്ടാകും. വെടിക്കെട്ട് പുരയ്‌ക്ക് ചുറ്റുമുള്ള പുല്ലും കാടും വെട്ടിമാറ്റണം. കനത്ത ചൂടും കാറ്റുമുള്ള സാഹചര്യത്തിൽ തീപ്പൊരി വീണാൽ പടർന്നുപിടിക്കും.
വർഷങ്ങളായി പണിയെടുക്കുന്ന തൊഴിലാളികളിൽ ചിലരുടെ അമിത ആത്മവിശ്വാസം പലപ്പോഴും വെടിമരുന്നു സാമഗ്രികൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിന് ഇടയാക്കുന്നുണ്ട്. നിർമാണ കേന്ദ്രങ്ങളിൽ അഗ്നി പ്രതിരോധ ഉപകരണങ്ങൾ, വെള്ളം എന്നിവ കരുതണമെന്നും നിർദേശിക്കാറുണ്ട്. എന്നാൽ ഇവ പാലിക്കപ്പെടാത്തതും ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു.










0 comments