99 ശതമാനംപേർക്കും വീടായി
കൂട്ടിക്കലിൽ കുടുംബങ്ങൾക്ക് തീരാസന്തോഷം ; ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട 11 കുടുംബങ്ങൾക്കുകൂടി വീട്

കൂട്ടിക്കൽ (കോട്ടയം)
കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട 11 കുടുംബങ്ങൾക്കുകൂടി അന്തിയുറങ്ങാൻ വീടായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ രൂപീകരിച്ച ‘എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും’ റോട്ടറി ഇന്റർനാഷണലും പ്രളയദുരിത ബാധിതർക്കായി കൂട്ടിക്കൽ താളുങ്കലിലാണ് 11 വീടുകൾ നിർമിച്ചത്. വീടുകളുടെ താക്കോൽ കൈമാറ്റം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനം ചെയ്‌തു. വിവിധ കമ്പനികളുടെ ധനസഹായത്തോട പൂഞ്ഞാർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്ന 13 വീടുകളുടെ നിർമാണോദ്‌ഘാടനവും നടന്നു.
ഗുണഭോക്താക്കൾക്ക് മുൻ എംഎൽഎ കെ ജെ തോമസ് ഉടമസ്ഥാവാകാശ രേഖകൾ കൈമാറി. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായി. വീടുകൾ നിർമിക്കാൻ കൂട്ടിക്കലിൽ 60 സെന്റ് ഭൂമി സൗജന്യമായി നൽകിയ വ്യവസായി സി വൈ എ റൗഫിനെ ചടങ്ങിൽ ആദരിച്ചു.
2021 ഒക്‌ടോബർ 16ന് ഉരുൾപൊട്ടലിൽ 400ലധികം കുടുംബങ്ങൾക്കാണ് വീട് നഷ്ടമായത്. സംസ്ഥാന സർക്കാർ 300ലധികം കുടുംബങ്ങൾക്ക് വീടും ഭൂമിയും നൽകി. ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് നിർമിക്കാൻ നാല് ലക്ഷവും നൽകി. നേരത്തെ സർക്കാർ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകിയിരുന്നില്ല. ആദ്യമായി അത്തരക്കാർക്കും കൂട്ടിക്കലിൽ സർക്കാർ 10 ലക്ഷം രൂപ നൽകി. എന്നിട്ടും 100ഓളം പേർക്ക് നിബന്ധനകൾ പ്രകാരം സഹായം നൽകാനാകാതെ വന്നു. ഇവർക്കാണ് വിവിധ സംഘടനകൾ മുഖേന വീട് നൽകുന്നത്. 130 വീടുകൾ ഇങ്ങനെ സൗജന്യമായി നൽകാനായി. സിപിഐ എം നേതൃത്വത്തിൽ 25 വീട് നിർമിച്ച് നൽകി. വ്യാഴാഴ്‌ച 11 വീടുകൾ കൂടി നൽകിയതോടെ 99 ശതമാനം പേർക്കും വീടായി.









0 comments