എരുമേലിയിൽ വീടിന് തീപിടിച്ച സംഭവം: മരണം മൂന്നായി

കോട്ടയം : എരുമേലി കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച സംഭവത്തിൽ മരണം മൂന്നായി. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ(52), ഭാര്യ ശ്രീജ (സീതമ്മ -48), മകൾ അഞ്‌ജലി(26) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ അഖിലേഷ്( ഉണ്ണിക്കുട്ടൻ 22) പൊള്ളലേറ്റ് ചികിത്സയിലാണ്. വെള്ളി പകൽ ഒന്നോടെയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ കതക് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ കതക് പൊളിച്ച് അകത്തുകയറിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആദ്യം അഞ്‌ജലിയേയും ഉണ്ണിക്കുട്ടനേയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഉണ്ണിക്കുട്ടന് 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പിന്നീട് നടന്ന തിരച്ചിലിലാണ് സത്യപാലനെയും ശ്രീജയേയും കണ്ടെത്തിയത്. അഞ്‌ജലി മൂന്ന് ദിവസം മുമ്പാണ് വിദേശത്തുനിന്ന് വന്നത്.
അഞ്‌ജലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ചിലർ വെള്ളിയാഴ്ച വീട്ടിൽ വന്നിരുന്നുവെന്നും ഇതിന് ശേഷമാണ് തീപിടിത്തം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. കൂട്ട ആത്മഹത്യയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 25 വർഷത്തിലധികമായി പ്രദേശത്ത് താമസിക്കുന്ന സത്യപാലൻ ജൂബിലി സൗണ്ട്സ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു. ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും സത്യപാലന്റെയും അഞ്‌ജലിയുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കും മാറ്റി.









0 comments