Deshabhimani

കിടന്നുറങ്ങവേ പാമ്പുകടിയേറ്റ് മരണം; ദീക്ഷലിന്റെ ഓർമയിൽ വീടൊരുങ്ങി

deekshal house

ദീക്ഷൽ, ദീക്ഷലിന്റെ ഓർമയിൽ നിർമിച്ച വീട്

വെബ് ഡെസ്ക്

Published on Nov 29, 2026, 06:53 AM | 1 min read

ചിറയിൻകീഴ് : അഴൂരിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ദീക്ഷലിന്റെ ഓർമയിൽ കുടുംബത്തിനായി ഒരുക്കിയ വീടിന്റെ താക്കോൽ മൂന്നിന്‌ കൈമാറും. ന്യൂരാജസ്ഥാൻ മാർബിൾസ് ആണ്‌ വീട് നിർമിച്ചു നൽകിയത്‌. മൂന്നിന്‌ പകൽ 11. 30ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ഡയറക്ടർ ഷൈലജ രവി, ന്യൂ രാജസ്ഥാൻ മാർബിൾസ് എം ഡി സി വിഷ്ണുഭക്തൻ എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.

എല്ലാ സൗകര്യങ്ങളോടുംകൂടിയ 1000 സ്ക്വയർ ഫീറ്റിൽ ഉള്ള വീടാണ് നിർമിച്ചത്. അടച്ചുറപ്പുള്ള വീട് കുടുംബത്തിന് ഇല്ലായിരുന്നു. ടാർപ്പായകൊണ്ടു നിർമിച്ചതായിരുന്നു ദീക്ഷലിന്റെ വീട്‌. ഇ‍ൗ ഷെഡിൽ മുത്തശ്ശിയോടൊപ്പം കിടന്നുറങ്ങവെയാണ്‌ ദീക്ഷലിന്‌ പാമ്പുകടിയേറ്റത്‌. ഈ വർഷം ഏപ്രിലിലായിരുന്നു സംഭവം. ദിലീപ്- അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. വീട്ടിൽ മുത്തശ്ശി ലീലയ്ക്കൊപ്പം നിലത്തുകിടന്ന്‌ ഉറങ്ങുന്നതിനിടെ വലതുകാലിലെ തള്ളവിരലിലാണ് പാമ്പുകടിയേറ്റത്.

സംഭവദിവസം പുലർച്ചെ രണ്ടോടെ കരഞ്ഞുകൊണ്ടുണർന്ന കുട്ടി കാലിൽ എന്തോ കടിച്ചെന്ന് മുത്തശ്ശിയോട് പറഞ്ഞു. തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന അച്ഛനും അമ്മയും ഉൾപ്പെടെ വീട്‌ പരിശോധിച്ചെങ്കിലും കടിച്ചതെന്താണെന്ന് കണ്ടെത്താനായില്ല. കാലിൽ വേദന കൂടി കരച്ചിൽ തുടർന്നതോടെ കുട്ടിയെ ദിലീപ് ബൈക്കിലിരുത്തി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്താണ് കടിച്ചതെന്ന് അറിയാനാകാത്തതിനാൽ പ്രാഥമികചികിത്സ നൽകിയശേഷം രക്തപരിശോധന നടത്തി. പാമ്പുകടിയേറ്റതായുള്ള ഫലം ലഭിക്കാത്തതിനാൽ ആന്റിവെനം നൽകിയില്ല. ഇതിനിടെ കുട്ടി വെള്ളം കുടിച്ചെങ്കിലും ഉടൻ ഛർദിച്ചു. തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോകുംവഴിയാണ്‌ മരിച്ചത്. ചിറയിൻകീഴ് നോബിൾ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയായിരുന്നു ദിക്ഷൽ. അഞ്ചുവയസ്സുകാരി ദീക്ഷികയാണ് സഹോദരി.


പിന്നാലെ അയൽവാസികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീടിന് മുൻവശത്തുനിന്ന്‌ മൂർഖൻ പാമ്പിനെ കണ്ടെത്തി. നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്ന്‌ കുപ്പിയിലാക്കി. കഠിനംകുളം കായലിനുസമീപം ഒഴിഞ്ഞുകിടക്കുന്ന 80 സെന്റ്‌ വസ്തുവിൽനിന്ന് വസ്തു ഉടമ നൽകിയ അഞ്ചുസെന്റിലെ ചെറിയ വീട്ടിലാണ് ദിലീപും അമ്മയും സഹോദരിയും ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞിരുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home