ad
Deshabhimani

print edition വാണിജ്യ സിലിണ്ടർ വില വർധന; സമസ്തമേഖലയിലും 
പ്രതിസന്ധി

lpg price hike

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 04, 2026, 12:34 AM | 2 min read

തിരുവനന്തപുരം : വാണിജ്യസിലിണ്ടറുകൾക്ക്‌ കുത്തനെ വിലക്കൂട്ടിയ കേന്ദ്രസർക്കാർ സമസ്‌തമേഖലകളെയും പ്രതിസന്ധിയിലാക്കി. ഹോട്ടൽ, കാറ്ററിങ്‌ യൂണിറ്റ്‌, ബേക്കറി, തട്ടുകടകൾ എന്നിവയുടെ നടത്തിപ്പ്‌ ചെലവ്‌ 20 ശതമാനം ഉയർന്നെന്നാണ്‌ വിലയിരുത്തൽ. സംസ്ഥാനത്ത്‌ കുറഞ്ഞത്‌ 757 ടൺ സിലിണ്ടർ വേണം. ഇപ്പോഴും 572 ടൺ മാത്രമാണ്‌ വിതരണം ചെയ്യുന്നത്‌. ഭൂരിഭാഗം കടയുടമകളും സ്വകാര്യ ഗ്യാസ്‌ ഏജൻസികളിൽനിന്നാണ്‌ സിലിണ്ടർ വാങ്ങിക്കുന്നത്‌. ഇതിന്‌ 3400 രൂപയായിരുന്നു. 1000 രൂപ വർധിച്ചതോടെ വില അയ്യായിരത്തിന്‌ അടുത്തായി.


ഇടത്തരം ഹോട്ടലിൽ മൂന്ന്‌ സിലിണ്ടറെങ്കിലും ദിവസം വേണം. ഇതിൽ ഒരുസിലിണ്ടർ മാത്രമാണ്‌ ഗ്യാസ്‌ ഏജൻസിയിൽനിന്ന്‌ കിട്ടുക. സ്വകാര്യ സിലിണ്ടർ രണ്ടെണ്ണം വാങ്ങുന്നുണ്ട്‌. ശരാശരി നാലായിരം മുതൽ ആറായിരംവരെ ചെലവുയർന്നു. ഒരുലക്ഷത്തിൽ അധികം രൂപയുടെ അധിക ബാധ്യത കടയുടമ വഹിക്കേണ്ടിവരും.


ആറിന്‌ നടക്കുന്ന ഹോട്ടൽ, റെസ്‌റ്റോറന്റ്‌ അടച്ചിടൽ സമരത്തിൽ വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും കാറ്ററിങ്‌ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. അടുത്താഴ്‌ചയോടെ ചായ, കാപ്പി, ഉ‍ൗണ്‌, ബിരിയാണി, വിവിധ ദോശകൾ, ഇഡ്ഡലി, പൊറോട്ട, ചപ്പാത്തി എന്നിവയ്‌ക്ക്‌ വില കൂടും. ഇതിനുള്ള ധാരണ അസോസിയേഷൻ എടുത്തതായാണ്‌ വിവരം. കഴിഞ്ഞ മാസം ചായ, കാപ്പി, ചെറുകടികൾ എന്നിവയ്‌ക്ക്‌ വില കൂട്ടിയിരുന്നു.

വിലകൂട്ടൽ മാത്രമല്ല 
പരിഹാരം


വിലകൂട്ടിയതുകൊണ്ട്‌ പ്രശ്‌നം തീരില്ലെന്ന്‌ ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ജി ജയപാൽ പറഞ്ഞു. വില കൂട്ടിയാൽ ആളുകൾ ഹോട്ടലിലേക്ക്‌ വരില്ല. അതിനാൽ സിലിണ്ടറിന്‌ വരുത്തിയ വില വർധന പിൻവലിക്കണം. മേഖലയിൽ തൊഴിലാളികളെയും കിട്ടാനില്ല. അസം, ബംഗാൾ തെരഞ്ഞെടുപ്പിന്‌ നാട്ടിലേക്ക്‌ പോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



വിലവർധന പിൻവലിക്കണം: മുഖ്യമന്ത്രി


പാചകവാതക വിലയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച് 3,000 രൂപയിൽ അധികമാക്കിയത് ഹോട്ടൽ, -റെസ്റ്റൊറന്റ് മേഖലയെ തകർക്കും. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും കൂടുതൽ ആശ്രയിക്കുന്ന അഞ്ചുകിലോ എൽപിജി സിലിണ്ടറിന്‌ വില 251.50 രൂപയാണ് കൂട്ടിയത്.


കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്‌ത്തി ഈ വർധന. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിടുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായ വിലവർധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നുവീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരുന്ന അവസ്ഥയിലാണ്.എണ്ണക്കമ്പനികളുടെ ലാഭംമാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രനയം തിരുത്തണം. അമിതമായി വർധിപ്പിച്ച തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


കാറ്ററിങ്‌ വ്യവസായം 
തകർച്ചയിലേക്ക്‌


തൃശൂർ : വാണിജ്യ പാചകവാതകവില കേന്ദ്ര സർക്കാർ അന്യായമായി വർധിപ്പിച്ചത്‌ കാറ്ററിങ്‌ വ്യവസായത്തിന്റെ നടുവൊടിക്കും. പാചകവാതക വിതരണത്തിലെ നിയന്ത്രണം പ്രതിസന്ധിയിലാക്കിയ മേഖലയെ കൂടുതൽ തകർച്ചയിലേക്ക്‌ തള്ളിയിടുന്നതാണ്‌ അന്യായവിലവർധന. കാറ്ററിങ്‌ ജോലിചെയ്യുന്നവരിൽ പലരും സിലിണ്ടർ ലഭിക്കാത്തതിനാൽ ഓർഡർ എടുക്കുന്നത്‌ കുറച്ചിരുന്നു.

ഗ്യാസിനൊപ്പം വിറകും വൈദ്യുതിയും ഉപയോഗിച്ചാണ്‌ നിലവിൽ പലസ്ഥാപനവും പ്രവർത്തിക്കുന്നത്‌. ഇതും ചെലവ്‌ വർധിപ്പിച്ചു. വെള്ളം, ചായ എന്നിവയ്‌ക്കായാണ്‌ പ്രധാനമായും വൈദ്യുതി അടുപ്പുകൾ ഉപയോഗിക്കുന്നത്‌. ഇതിലൂടെ കുറഞ്ഞത് 20ശതമാനം വർധനവ് വൈദ്യുതി നിരക്കിലുണ്ടാകും. വേനൽ കടുത്തതിനൊപ്പം ഉ‍ൗർജ പ്രതിസന്ധികൂടി വന്നതോടെ തകർച്ച ര‍ൂക്ഷമായി. വിറക്‌ കിട്ടാനുമില്ല. ഇ‍ൗ അവസരം മുതലാക്കി വില വർധിപ്പിച്ചത്‌ നിലവിലുള്ള പ്രതിസന്ധിയുടെ ആ ക്കം കൂട്ടും.


500 പേർക്ക്‌ ഭക്ഷണമുണ്ടാക്കാൻ പരമാവധി ആറ്‌ സിലിണ്ടർ വേണം. പുതിയ വിലവർധനപ്രകാരം ഒരു സിലിണ്ടറിന്‌ 3085 രൂപ നൽകണം. ഒരു ഇടത്തരം കാറ്ററിങ് സ്ഥാപനത്തിൽ ഭക്ഷണം ഉണ്ടാക്കാൻ അഞ്ചുപേരും വിളന്പലിനുംമറ്റുമായി 10–15 പേരുമുണ്ടാകും. ഇതുകൂടാതെ സ്ഥാപനത്തെ ആശ്രയിച്ച്‌ കഴിയുന്ന പത്തോളം പേരുമുണ്ട്‌. ഇവരുടെയെല്ലാം ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതാണ്‌ വിലവർധന.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home