'കയ്യും കാലും അവിടെയൊക്കെ ചിതറിക്കിടക്കുന്നത് കണ്ടു, മുപ്പതിലേറെപ്പേർ അകത്തുണ്ടായിരുന്നു'

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നു (ഇടത്), സ്ഫോടനമുണ്ടായ സ്ഥലം (വലത്)
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ കൂടുതൽ പേർക്ക് ഗുരുതര പരിക്കേറ്റെന്ന് പ്രദേശവാസികൾ. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സ്ഫോടനം. ഉഗ്രശബ്ദംകേട്ട് എത്തുമ്പോഴേക്ക് പല ഭാഗങ്ങളിലായി കയ്യും കാലുമൊക്കെ ചിതറിക്കിടക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. മുപ്പതിലേറെപ്പേർ വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നതായാണ് വിവരം.
അകത്തേക്ക് കടക്കാനാകാത്തവിധം വലിയ സ്ഫോടനമാണുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടയിലും പൊട്ടിത്തെറികൾ ഉണ്ടായി. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും നടത്തേണ്ടതിന് മുഴുവൻ സാമഗ്രികളും സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. അഞ്ച് കൂടാരങ്ങളിലായാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പൂരത്തിനായുള്ള പൂരത്തിനായി സാമഗ്രികൾ ഒരുക്കുന്നതിനിടെയായിരുന്നു അപകടം.
അപകടത്തില്‍ ആറ് പേര് മരിച്ചതായാണ് വിവരം. നിരവധിപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടതായാണ് വിവരം.
തീയും പുകപടലങ്ങളും പടരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് അടുക്കാനായിട്ടില്ല. വെടിമരുന്നും പുറത്തേക്ക് തെറിച്ചതായി ആശങ്കയുണ്ട്. തീ അണച്ചതിനുശേഷം മാത്രമേ പരുക്കേറ്റവർക്കായി കൂടുതൽ തിരച്ചിൽ നടത്താൻ സാധിക്കുകയുള്ളൂ. സമീപ മേഖലകളിലേക്കും സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.










0 comments