'ഏത് വേഷത്തിൽ കണ്ടാലാണ് നിയന്ത്രണം പോകുക'; രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്

കൊച്ചി: ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ പ്രതികരണവുമായി താരം. സ്ത്രീപ്രശ്നങ്ങളെ നിർവീര്യമാക്കുന്ന പ്രതികരണങ്ങളാണ് എല്ലായിപ്പോഴും രാഹുൽ ഈശ്വർ നടത്തുന്നതെന്നും സ്ത്രീകൾക്ക് ഡ്രസ്കോഡ് ഉണ്ടാക്കുന്നയാളാണ് രാഹുലെന്നും ഹണി പ്രതികരിച്ചു. തന്ത്രി കുടുംബത്തിൽ പിറന്ന രാഹുൽ പൂജാരിയാകാതിരുന്നത് നന്നായി. ആയിരുന്നുവെങ്കിൽ ക്ഷേത്രത്തിൽ അദ്ദേഹം ഡ്രസ്കോഡ് ഏർപ്പെടുത്തുമായിരുന്നു. ഭാഷയുടെ മേലുള്ള നിയന്ത്രണം രാഹുലിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല. ഏത് വേഷത്തിൽ കണ്ടാലാണ് നിയന്ത്രണം പോകുക എന്നറിയില്ലെന്നും എപ്പോഴെങ്കിലും രാഹുലിന്റെ മുമ്പിൽ പോകേണ്ടി വന്നാൽ ശ്രദ്ധിക്കാമെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹണി റോസിന്റെ വസ്ത്രധാരണം മാന്യമല്ലെന്ന തരത്തിൽ രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനുള്ള താരത്തിന്റെ മറുപടി വന്നതിന് പിന്നാലെയും സ്ത്രീവിരുദ്ധ പരാമർശവുമായി രാഹുൽ രംഗത്തെത്തി. ഹണിറോസ് മാന്യതയുടെ അതിർവരമ്പു കടക്കുകയാണെന്നും വസ്ത്രധാരണത്തിൽ വൃത്തികേടുണ്ടെന്നുമായിരുന്നു സ്വകാര്യ മാധ്യമത്തോട് രാഹുൽ പ്രതികരിച്ചത്.








0 comments