Deshabhimani

രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്‌ പരാതി നൽകി

honey rahul
വെബ് ഡെസ്ക്

Published on Jan 13, 2025, 03:25 AM | 1 min read

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതി പൊലീസ്‌ പരിശോധിക്കുന്നു. സൈബർ ഇടങ്ങളിൽ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ്‌ എറണാകുളം സെൻട്രൽ പൊലീസിന്‌ നൽകിയ പരാതിയിലുള്ളത്‌. ഫെയ്‌സ്ബുക്ക്‌ പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്‌. പരാതി പരിശോധിച്ചുവരികയാണെന്ന്‌ ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ അശ്വതി ജിജി പറഞ്ഞു.


ചാനൽ ചർച്ചയ്‌ക്കിടെ രാഹുൽ ഈശ്വർ നടി ഹണി റോസിനെതിരെ സ്‌ത്രീവിരുദ്ധ പരമാർശം നടത്തിയെന്ന്‌ ആരോപിച്ച്‌ തൃശൂർ സ്വദേശി എറണാകുളം സെൻട്രൽ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകി. ഈ പരാതിയും പൊലീസ്‌ പരിശോധിച്ചുവരികയാണ്‌.


രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ശനിയാഴ്‌ച ഹണി റോസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകാൻ പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വറാണ്‌. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയുടെ രീതിയിലും തൊഴിൽ നിഷേധിക്കുന്നവിധത്തിലും നേരിട്ടും സമൂഹമാധ്യമത്തിലൂടെയും വെല്ലുവിളിച്ച രാഹുൽ ഈശ്വറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്നായിരുന്നു കുറിപ്പിൽ. കോടതിയിലുള്ള കേസിലെ പരാതിക്കാരിയായ തന്നെ കടുത്ത മാനസികവ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന പ്രവൃത്തികളാണ് തുടർച്ചയായി ഉണ്ടാകുന്നതെന്നും ഹണി റോസ്‌ പറഞ്ഞിരുന്നു.


മുൻകൂർ ജാമ്യംതേടി രാഹുൽ ഈശ്വർ

ഹണി റോസ്‌ പരാതി നൽകിയതിനെത്തുടർന്ന്‌ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അറസ്റ്റ് സാധ്യത മുന്നിൽക്കണ്ടാണ് രാഹുൽ ഈശ്വറിന്റെ നീക്കം. ചാനലുകളിൽ തന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വിമർശിക്കാനുള്ള അവകാശം വ്യക്തിക്കുണ്ടെന്നും ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശ്യമില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞു. ഹർജി തിങ്കളാഴ്‌ച പരിഗണിച്ചേക്കും. റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.



deshabhimani section

Related News

0 comments
Sort by

Home