പുനർജനി ഫണ്ട് പിരിവ്: അന്വേഷണം അവസാനിപ്പിച്ചത് നിയമ പരിശോധനയില്ലാതെ


റഷീദ് ആനപ്പുറം
Published on Sep 15, 2026, 01:23 AM | 1 min read
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പുനർജനി പദ്ധതിയുടെ മറവിൽ വിദേശത്തുനിന്ന് സംഭാവന പിരിച്ചതുസംബന്ധിച്ച പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് കടുത്ത വിയോജിപ്പെന്ന് സൂചന. ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടാണ് വിജിലൻസ് അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടറുടെയോ മറ്റ് നിയമ വിദഗ്‌ധരുടെയോ പരിശോധന ഇല്ലാതെ അന്വേഷണം അവസാനിപ്പിച്ചത്. അതിനാൽ വീണ്ടും നിയമ പരിശോധന വേണമെന്ന നിലപാടിലാണ് ആഭ്യന്തര സെക്രട്ടറി.
ഇക്കാര്യം വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ഫയൽ ആഭ്യന്തര വകുപ്പ് തിരികെ നൽകിയിട്ടില്ല. വിജിലൻസ് രണ്ട് ഘട്ടങ്ങളിൽ രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് പരാതിക്കാർ കോടതിയിൽ ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയുമുണ്ട്.
2025 ഏപ്രിൽ നാലിലാണ് വി ഡി സതീശനെതിരായ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി വിജിലൻസ് ഡയറക്ടർ ആഭ്യന്തര സെക്രട്ടറിക്ക് ആദ്യ റിപ്പോർട്ട് നൽകിയത്. വിദേശനാണ്യ മാനേജ്‌മെന്റ് നിയമം (ഫെമ), വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) എന്നിവ ലംഘിച്ചതായി ഇൗ റിപ്പോർട്ടിലുണ്ടായിരുന്നു. ഇക്കാര്യം വിജിലൻസിന് അന്വേഷിക്കാൻ പരിമിതിയുള്ളതിനാൽ സിബിഐയെകൊണ്ട് അന്വേഷിപ്പിക്കാനും ശുപാർശയുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കേസ് സിബിഐക്ക് വിടുംമുന്പ് കൂടുതൽ വ്യക്തതതേടി ഫയൽ മടക്കി. ആദ്യം അന്വേഷിച്ച വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ് രണ്ട്, കഴിഞ്ഞ മെയ് 29ന് വ്യക്തത റിപ്പോർട്ട് സമർപ്പിച്ചു. അപ്പോഴേക്കും കുറ്റാരോപിതനായ വി ഡി സതീശൻ മുഖ്യമന്ത്രിയായിരുന്നു. അതോടെ, ഒന്നിനും തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു.
ഫെമ ചട്ട ലംഘനത്തിന്റെ വിവരങ്ങൾ ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നു. ഇടനിലക്കാർ വഴിയാണ് വിദേശത്തുനിന്ന് പണം എത്തിച്ചതെങ്കിലും സതീശൻ ലണ്ടനിൽ ഒരു ചടങ്ങിൽ സംഭാവന ആവശ്യപ്പെടുന്നതിന്റെ ഡിജിറ്റൽ തെളിവ് വിജിലൻസിന് ലഭിച്ചിരുന്നു. ഇൗ തെളിവ് നിലനിൽക്കെ അന്വേഷണം പൂർണമായും അവസാനിപ്പിക്കാനാകുമോ എന്ന ചോദ്യവും ഉയരുന്നു.










0 comments