ഹോംനഴ്സിനെ തേടുന്നുണ്ടോ ; ‘സൂതിക മിത്ര’മുണ്ട്

സുജിത് ബേബി
Published on Jul 19, 2025, 01:10 AM | 1 min read
കോഴിക്കോട്
രോഗീ പരിചരണത്തിനും പ്രസവ ശുശ്രൂഷയ്ക്കും കൂട്ടിരിപ്പിനും ആളില്ലാത്തവർക്ക് തുണയായി ‘സൂതിക മിത്ര’ങ്ങളെത്തുന്നു. വനിതാഫെഡ് (വുമൺ കോ -ഓപ്പറേറ്റീവ് ഫെഡറേഷൻ) നേതൃത്വത്തിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെയാണ് കുറഞ്ഞ ചെലവിൽ ഹോംനഴ്സ് സേവനം നൽകുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.
സന്നദ്ധരായ വനിതകൾക്ക് ശാസ്ത്രീയ പരിശീലനം നൽകി വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. ഓരോ ജില്ലയിലും 50 വനിതകൾക്കാണ് പരിശീലനം നൽകുക. ഒഡെപെക് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് വിദേശത്തും ജോലി ഉറപ്പാക്കാനാകും. എസ്‌എസ്‌എൽസി, പ്ലസ്ടു യോഗ്യതയുള്ള 45ൽ താഴെ പ്രായമുള്ള വനിതകളെയാണ് തെരഞ്ഞെടുക്കുക. യൂണിഫോമും നൽകും.
സ്വകാര്യമേഖലയിലെ ഏജൻസികളാണ് നിലവിൽ ഹോം നഴ്‌സ് സേവനം നൽകുന്നത്. 25,000 രൂപ മുതലാണ് ഫീസ്. തൊഴിൽ ചൂഷണമടക്കമുള്ള ആരോപണങ്ങളും പലയിടത്തും ഉയരുന്നു. ഇതിൽനിന്ന് വ്യത്യസ്‌തമായി കുറഞ്ഞ ഫീസിൽ സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് വനിതാഫെഡ് ചെയർപേഴ്സൺ കെ ശ്രീജ പറഞ്ഞു. വനിതാഫെഡ് അവതരിപ്പിച്ച പദ്ധതിക്ക് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകി.
പരിശീലനമടക്കമുള്ള ചെലവുകൾക്കായി 49.3 ലക്ഷം രൂപയും അനുവദിച്ചു. അടുത്ത മാസമാദ്യം പരിശീലനം ആരംഭിക്കും. അസാപുമായി ചേർന്ന് ഇലക്‌ട്രിക്കൽ, പ്ലംബിങ് പരിശീലനവും നൽകും. ഇതുകഴിഞ്ഞാൽ കൃത്യമായ ശമ്പളം ഉറപ്പാക്കും.











0 comments