print edition പുനർജനി തട്ടിപ്പ്: ആഭ്യന്തരമന്ത്രിയുടേത് സത്യപ്രതിജ്ഞാലംഘനം

കൊച്ചി: ‘പുനർജനി’ പദ്ധതിയിലൂടെ ദുരന്തബാധിതരെ സഹായിക്കാനെന്ന വ്യാജേന പണംപിരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയത് ഗുരുതര സത്യപ്രതിജ്ഞാലംഘനമെന്ന് പരാതി നൽകിയ പി എസ് രാജേന്ദ്രപ്രസാദ്. മുൻസർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷിച്ചുകണ്ടെത്തിയ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ആഭ്യന്തരമന്ത്രി തിരുത്തി മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻചിറ്റ് നൽകിയത്. അന്വേഷണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയ വിജിലൻസ്, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ അത് തിരുത്തി.
പരാതിക്കുപിന്നാലെ വി ഡി സതീശനെതിരെ എല്ലാ തെളിവുകളും വിജിലൻസിന് കൈമാറിയിരുന്നു. എന്നാൽ, ഭരണം മാറിയതോടെ വി ഡി സതീശനെ സംരക്ഷിക്കാനാണ് ശ്രമമെന്നും മുൻ യൂത്ത് കോൺഗ്രസ് നേതാവുകൂടിയായ രാജേന്ദ്രപ്രസാദ് പറഞ്ഞു. കേസിൽ വിദേശ നാണയ വിനിമയ ചട്ടം (എഫ്‌സിആർഎ) ലംഘനം നടന്നിട്ടുണ്ട്. ഗുരുതര ക്രിമിനൽ കുറ്റമാണത്. അതുകൊണ്ടാണ് സതീശൻ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്.
വി ഡി സതീശന് തട്ടിപ്പിൽ പങ്കില്ലെന്ന റിപ്പോർട്ട് നൽകാൻ വിജിലൻസിന് അവകാശമില്ല. വിദേശത്തടക്കം നടന്ന തട്ടിപ്പായതിനാൽ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയാണ്. സതീശൻ വിദേശത്ത് എവിടെയെല്ലാം പോയെന്നത് പാസ്‌പോർട്ട് രേഖകൾ പരിശോധിച്ച് കണ്ടെത്തണം. ലഭിച്ച തുകയെക്കുറിച്ചും അന്വേഷിക്കണം.
വിവിധ രാജ്യങ്ങളിലെത്തി പിരിവ് നടത്തിയെന്ന് സതീശൻ പറയുന്ന വാർത്താസമ്മേളനത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകളാണ് വിജിലൻസിന് കൈമാറിയത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് യാത്രയെന്ന് തെളിയിക്കുന്ന വിവരാവകാശരേഖയും നൽകി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമര്യാദയുടെ ഭാഗമായാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം സിബിഐക്ക് വിടാതിരുന്നതെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.









0 comments