ad
Deshabhimani

അക്ഷരമുറ്റത്തെ കരുതൽ; വിഘ്‌നേഷിന് ഇനി സ്വന്തം വീട്

 Vighnesh house.jpg
വെബ് ഡെസ്ക്

Published on May 02, 2026, 02:53 PM | 1 min read

കൊല്ലം: മന്ത്രിയപ്പ‍ൂപ്പനോട്‌ സങ്കടം പറഞ്ഞ വിഘ്‌നേഷിന് ഇനി സ്വന്തം വീട്. ഫെബ്രുവരി 28ന്‌ തിരുവനന്തപുരത്ത്‌ നടന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സമ്മാനവിതരണവേദിയിൽ മന്ത്രിയപ്പൂപ്പനോട്‌ ചവറ കൊറ്റംകുളങ്ങര വിഎച്ച്‌എസ്‌എസിലെ മൂന്നാം ക്ലാസ്‌ വിദ്യാർഥി വിഘ്‌നേഷ്‌ പങ്കുവെച്ച ആഗ്രഹമാണ് ശനിയാഴ്‌ച സാഫല്യമായത്.


‘പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പന്‌, പഠിക്കുന്ന സ്‌കൂളിനടുത്ത്‌ എനിക്കൊരു കൊച്ചുവീട്‌ വേണമെന്ന്‌ ആഗ്രഹമുണ്ട്‌. എല്ലാവരെയും സഹായിക്കുന്ന മന്ത്രിയപ്പൂപ്പൻ എന്നേക്കൂടി സഹായിക്കണം’’– വിഘ്‌നേഷ് മന്ത്രി വി ശിവൻകുട്ടിക്ക്‌ നൽകിയ കത്തിലെ ആവശ്യം ഇങ്ങനെയായിരുന്നു. കത്തുവായിച്ച മന്ത്രി വിഘ്‌നേഷിനെ വേദിയിലേക്ക്‌ വിളിപ്പിച്ച് വീട് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു.


അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 14–ാം സീസൺ സംസ്ഥാന മത്സരത്തിൽ എൽപി വിഭാഗം രണ്ടാംസ്ഥാനക്കാരനാണ്‌ വിഘ്‌നേഷ്‌ ആർ ജിത്ത്‌. സമ്മാനം വാങ്ങാനെത്തിയപ്പോഴാണ്‌ മന്ത്രിയോട്‌ പഠിക്കുന്ന സ്‌കൂളിനടുത്ത്‌ സ്വന്തമായൊരു വീട്‌ എന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച്‌ അറിയിച്ചത്‌. മന്ത്രിയുടെ നിർദേശം ഏറ്റെടുത്ത്‌ കെഎസ്‌ടിഎ സ്‌കൂളിനടുത്തുതന്നെ വീട്‌ നിർമിച്ചു നൽകാൻ തയ്യാറായി. ഇക്കാര്യം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ വേദിയിൽ പ്രഖ്യാപിച്ചു. രണ്ടുമാസത്തിനകം ആയിരം ചതുരശ്രയടിയിൽ എല്ലാ അടിസ്ഥാനസ‍ൗകര്യങ്ങളുമുള്ള വീട്‌ സജ്ജമാക്കി.


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റും അധ്യാപകസംഘടനയായ കെഎസ്‌ടിഎയും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രി വി ശിവൻകുട്ടി വിഘ്നേഷിനും കുടുംബത്തിനും കൈമാറി. വീടിന്റെ താക്കോൽ വിഘ്‌നേഷിന് കൈമാറിയപ്പോൾ ഒരു വലിയ സ്വപ്നമാണ് പൂവണിയുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ നല്ല ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച അക്ഷരമുറ്റം പ്രവർത്തകരെയും ദേശാഭിമാനിയെയും കെഎസ്ടിഎയെയും മന്ത്രി അഭിനന്ദിച്ചു.


വിഘ്‌നേഷിന്റെ അച്ചൻ രഞ്ജിത്‌ പെയിന്റിങ് തൊഴിലാളിയാണ്‌. ശ്വാസകോശ സംബന്ധമായ അസുഖമുണ്ട്‌. വാടകവീട്ടിൽ കഴിയുന്ന കുടുംബം സാമ്പത്തികമായി പ്രയാസപ്പെടുന്പോഴെല്ലാം കരുത്താകുന്നത്‌ സ്‌കുളിലെ അധ്യാപകരാണ്‌. അമ്മ സൂര്യ വീട്ടമ്മയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home