print edition പുനർജനിക്ക് ഫെെനൽ "വിസിൽ'

സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:00 AM | 2 min read
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിയായ പുനർജനി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന വിജിലൻസ് ശുപാർശ അട്ടിമറിച്ച് കേസ് അവസാനിപ്പിച്ച് ആഭ്യന്തര വകുപ്പ്. അഴിമതിക്കെതിരെ ‘വിജിലൻസ് വിസിൽ’ പദ്ധതി ഉദ്‌ഘാടനംചെയ്‌തതിന്റെ പിറ്റേന്നാണ് വിചിത്ര നടപടി.
വിദേശ ബന്ധമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്നായിരുന്നു വിജിലൻസ് ഡയറക്‌ടർ ആഭ്യന്തരവകുപ്പിന് നൽകിയ ശുപാർശ. യുഡിഎഫ് ഭരണത്തിലെത്തിയതോടെ മറ്റൊരന്വേഷണം നടത്തി സതീശനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം നേരിട്ട് മാധ്യമങ്ങളെ അറിയിച്ചതും അസാധാരണം. ഫയൽ പരിശോധിച്ചതിൽ മുഖ്യമന്ത്രിക്ക് പുനർജനിയിൽ പങ്കില്ലെന്ന് കണ്ടെത്തിയെന്ന് ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ സ്വന്തം മണ്ഡലമായ പറവൂരിൽ നടപ്പാക്കിയ ‘പുനർജനി’ പദ്ധതിക്കായി വിദേശ ഫണ്ട് പിരിച്ചതും കേരളത്തിലെ അക്കൗണ്ടിലെത്തിച്ചതുമാണ് വിജിലൻസ് അന്വേഷിച്ചത്. പിരിവിൽ വൻ ക്രമക്കേട് കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്‌സിആർഎ) പ്രകാരം സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി. യുഡിഎഫ് സർക്കാർ വന്നതോടെ വിജിലൻസിനെകൊണ്ട് വീണ്ടും പരിശോധിപ്പിച്ച് സതീശനെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും റിപ്പോർട്ടുണ്ടാക്കി.
മണപ്പാട്ട് ഫൗണ്ടേഷൻ രൂപീകരിച്ചാണ് സതീശൻ വിദേശത്തുനിന്ന് പണം സ്വീകരിച്ചത്. യുകെയിൽനിന്ന് 19,95,880 രൂപ (22500 പൗണ്ട്) സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചു. യുകെയിലെ പരിപാടിയിൽ പ്രളയബാധിതരായ സ്‌ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്‌ത്തുയന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർഥിക്കുന്ന വീഡിയോ വിജിലൻസ് പരിശോധിച്ചിരുന്നു. വിദേശ ഫണ്ട് കൈപ്പറ്റിയത് എഫ്സിആർഎ നിയമത്തിന്റെ ലംഘനമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതെല്ലാം മറച്ചാണ് കേസ് അവസാനിപ്പിച്ചത്. വിദേശത്തടക്കം പര്യടനം നടത്തി പണം സ്വരൂപിച്ചിട്ടും വാഗ്‌ദാനം ചെയ്‌ത വീടുകളും ഫ്ലാറ്റുകളും ഉയർന്നില്ല.
ക്ലീൻചിറ്റ് മുഖ്യമന്ത്രിയെ രക്ഷിക്കാൻ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: പുനർജനി പദ്ധതിക്ക് എഫ്‌സിആർഎ നിയമം ലംഘിച്ച് വിദേശഫണ്ട് പിരിച്ച കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻചിറ്റ് നൽകിയ ആഭ്യന്തരമന്ത്രിയുടെ നടപടി കേസ് മായ്‌ച്ചുകളയാനാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ട കേസിലെ തിടുക്കപ്പെട്ട നടപടി മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. അഴിമതിക്കെതിരെ ‘വിജിലൻസ് വിസിൽ’ പദ്ധതി ഉദ്‌ഘാടനംചെയ്‌ത തൊട്ടടുത്ത ദിവസമാണ് കേരളം സജീവമായി ചർച്ചചെയ്‌ത വിഷയത്തിൽ സതീശന് ക്ലീൻചിറ്റ്. ആരിൽനിന്ന് എത്രയൊക്കെ ലഭിച്ചുവെന്നതിലും ഗൗരവ അന്വേഷണം വേണം. സതീശൻ ലണ്ടനിൽ പണം ആവശ്യപ്പെടുന്ന വീഡിയോയും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
വിദേശയാത്രയ്‌ക്ക് സതീശൻ എംഎൽഎയെന്ന നിലയിലും ആഭ്യന്തര വകുപ്പിന്റെയും അനുമതി വാങ്ങിയിട്ടില്ല. വിദേശ ഫണ്ട് പിരിക്കൽ അത്യാവശ്യമെങ്കിൽ പ്രത്യേക കേന്ദ്രാനുമതി വാങ്ങണം. 2018ൽ പ്രളയകാലത്ത് വിദേശത്തുനിന്ന് ഫണ്ട് ശേഖരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അനുമതി തേടിയെങ്കിലും കേന്ദ്രം നൽകിയിരുന്നില്ല –അദ്ദേഹം പറഞ്ഞു.










0 comments