print edition ഇരുട്ട് കനക്കും; മണ്ണെണ്ണയും കിട്ടാനില്ല; വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

സ്വന്തം ലേഖിക
Published on Jul 31, 2026, 01:07 AM | 1 min read
കോഴിക്കോട്: റേഷൻ മണ്ണെണ്ണയുടെ വിഹിതം ഭീമമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പവർകട്ടിനാൽ വലയുന്ന ജനങ്ങൾക്ക് കേന്ദ്രത്തിന്റെ ഇരുട്ടടിയായി മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്‌ക്കൽ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ സംസ്ഥാനത്തിനായി അനുവദിച്ചതിൽ 16 ലക്ഷം ലിറ്റർ മണ്ണെണ്ണ കുറവുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ പകുതിയോളം ഗുണഭോക്താക്കൾക്കും മണ്ണെണ്ണ ലഭിക്കില്ല. ജൂലൈ മുതൽ സെപ്തംബര്‍ വരെയുള്ള കാലയളവിലേക്ക് 40.68 ലക്ഷം ലിറ്ററാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ 9.12 ലക്ഷം ലിറ്റര്‍ മത്സ്യബന്ധന ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.
അതിദരിദ്രവിഭാഗത്തിലുള്ള (എഎവൈ) വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങൾക്ക് ഒരു ലിറ്ററും മറ്റ് വിഭാഗക്കാര്‍ക്ക് അര ലിറ്ററുമാണ് റേഷൻ മണ്ണെണ്ണ നൽകുന്നത്. വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങൾക്ക് ആറ് ലിറ്റർ നൽകും. മൂന്ന് മാസത്തിലൊരിക്കലാണ് നൽകുക.
ആദ്യപാദത്തിൽ 56. 76 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയായിരുന്നു അനുവദിച്ചത്. തൽക്കാലം അനുവദിച്ച അളവിലുള്ളത് ആദ്യമെത്തുന്നവര്‍ക്ക് വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.










0 comments