print edition ആഭ്യന്തരവും ഗവർണറുടെ കൈപ്പിടിയിൽ; മിണ്ടാതെ സർക്കാർ


റഷീദ് ആനപ്പുറം
Published on Aug 19, 2026, 01:00 AM | 1 min read
തിരുവനന്തപുരം : സർവകലാശാലകൾക്കുപിന്നാലെ ആഭ്യന്തര വകുപ്പിന്റെ ഭരണവും ഗവർണറെ ഏൽപ്പിച്ച് യുഡിഎഫ് സർക്കാർ. സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തി നിർദേശം നൽകിയത് ഇതിന് തെളിവാണ്. ഗവർണറുടെ നടപടിക്കെതിരെ ഉരിയാടാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറായിട്ടില്ല.
സംസ്ഥാന ഭരണത്തിൽ ഗവർണർ നേരിട്ട് കൈകടത്തുന്നത് ആർഎസ്‌എസ് നിർദേശത്തിലാണ്. ഇതിനെ പ്രതിരോധിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകാത്തത് ദുരൂഹം. കഴിഞ്ഞദിവസം സംസ്‌കൃത സർവകലാശാലയിൽ എസ്‌എഫ്‌ഐ നടത്തിയ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അറസ്‌റ്റ് ചെയ്യാൻ, ഗവർണർ വിശ്വനാഥ് ആർലേക്കർ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തി നിർദേശിക്കുകയായിരുന്നു. ഉടൻതന്നെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസുമെടുത്തു.
സർക്കാരിന്റെ നിർദേശങ്ങളും നയങ്ങളുമാണ് ചീഫ്‌സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. ഗവർണർക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിർദേശം നൽകാനാകില്ല. ആവശ്യമെങ്കിൽ ഗവർണർക്ക് മുഖ്യമന്ത്രിയോടോ ആഭ്യന്തരമന്ത്രിയോടോ നിർദേശിക്കാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസം, ആഭ്യന്തര സെക്രട്ടറിമാരെ ഗവർണർ ലോക്‌ഭവനിലേക്ക് നേരിട്ട് വിളിച്ചെങ്കിലും സർക്കാർ നിർദേശമില്ലാതെ വരാനാകില്ലെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ, നയപ്രഖ്യാപന ചടങ്ങിൽ നിയമസഭയിൽ വന്ദേമാതരം ആലപിക്കാനും നയപ്രഖ്യാപനത്തിൽനിന്ന് കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ ഒഴിവാക്കാനും ഗവർണർ നിർദേശിച്ചപ്പോൾ യുഡിഎഫ് സർക്കാർ അത് അനുസരിച്ചു. ആർഎസ്‌എസുകാരെ വിസിമാരാക്കിയപ്പോഴും സെനറ്റിലേക്ക് നാമനിർദേശം ചെയ്‌തപ്പോഴും എതിർത്തില്ല. വിസിമാർ ആർഎസ്‌എസ് വേദി പങ്കിട്ടിട്ടും മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ മിണ്ടിയില്ല.
12 വകുപ്പ് സെക്രട്ടറിമാരെ നേരിട്ട് വിളിച്ച് യോഗം നടത്തിയപ്പോഴും പ്രതികരിച്ചില്ല. ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തയപ്പിക്കുക മാത്രമാണ് ചെയ്തത്. ഇൗ മൗനമാണ് പൊലീസിൽ അടക്കം ഇടപെടാൻ ഗവർണർക്ക് സഹായകരമായത്.










0 comments