നാല് ലക്ഷം സംരംഭകർ, എട്ട് ലക്ഷം തൊഴിൽ; ചരിത്രം കുറിച്ച് സംരംഭക വർഷം പദ്ധതി

തിരുവനന്തപുരം: സർക്കാറിന്റെ സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെ നാല് ലക്ഷം സംരംഭങ്ങൾ ആരംഭിച്ചെന്നും എട്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി പി രാജീവ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്ലാറ്റ്ഫോമായ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടിയ പദ്ധതിയിലൂടെ നാളിതുവരെയായി 4,06,178 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. 27,133 കോടി രൂപയുടെ നിക്ഷേപവും 8,65,287 തൊഴിലും കേരളത്തിലുണ്ടായി. 1,28,663 വനിതകൾ ഈ പദ്ധതിയിലൂടെ സംരംഭക ലോകത്തേക്ക് കടന്നുവന്നെന്നും മന്ത്രി പറഞ്ഞു.
വർഷം ഒരു ലക്ഷം പുതിയ സംരംഭം എന്ന ലക്ഷ്യത്തോടെ 2022–23 ലാണ് സംരംഭക വർഷം പദ്ധതിക്ക് സംസ്ഥാന വ്യവസായവകുപ്പ് തുടക്കംകുറിച്ചത്. എംഎസ്‌എംഇ മേഖലയിലെ രാജ്യത്തെ ബെസ്‌റ്റ് പ്രാക്ടീസായി സംരംഭക വർഷം പദ്ധതിയെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിരുന്നു. 2022-23 ൽ 1,39,839 പുതിയ സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. 8421.64 കോടിയുടെ നിക്ഷേപമാണ് ഇത് കൊണ്ടുവന്നത്. 3,00,049 തൊഴിലവസരങ്ങളും ഇത് സാധ്യമാക്കി. 2023-24 ൽ 1,03,596 പുതിയ സംരംഭങ്ങളും 7048.66 കോടി രൂപയുടെ നിക്ഷേപവും 2,18,179 തൊഴിലസരങ്ങളുമാണ് സംരംഭക വർഷത്തിലൂടെ കേരളത്തിൽ ഉണ്ടായത്. സംരംഭക വർഷത്തിൻറെ തുടർച്ചയായ മൂന്നാം വർഷത്തിലും ഈ നേട്ടം നിലനിർത്താൻ കേരളത്തിനായി. 2024-25 ൽ 1,09,369 പുതിയ എംഎസ്എംഇ യൂണിറ്റുകളാണ് ആരംഭിച്ചത്. 7186.09 കോടി രൂപയുടെ നിക്ഷേപവും 2,30,785 തൊഴിവസരങ്ങളുമുണ്ടായി.











0 comments