Deshabhimani

print edition വൃത്തിയുള്ള ശുചിമുറിയില്ല, റിലേയ്ക്ക്‌ ബാറ്റണില്ല; മനോവീര്യം കെടുത്തി അസ‍ൗകര്യങ്ങൾ

school
വെബ് ഡെസ്ക്

Published on Oct 18, 2026, 01:50 AM | 1 min read

തിരുവനന്തപുരം : മഴയെ തോൽപ്പിച്ച്‌ ആവേശപ‍ൂർവം മത്സരിക്കാനെത്തിയ കുട്ടിപ്രതിഭകളെ നിരാശപ്പെടുത്തി ജില്ലാ കായികമേളയിലെ അസ‍ൗകര്യങ്ങൾ. കാലാവസ്ഥ ദിവസങ്ങളായി പ്രതികൂലമായിട്ടും അതിനുവേണ്ട സ‍ൗകര്യങ്ങളൊന്നും മേളയിൽ ഒരുക്കിയില്ല. വിവിധ മത്സരങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികൾക്ക്‌ മഴയത്ത്‌ നനയാതെ കയറിനിൽക്കാൻ ഇടമില്ലാതെ ‍ഗ്ര‍ൗണ്ടിൽ ഇരിക്കേണ്ട ഗതികേടാണുണ്ടായത്‌.


പലസമയത്തും കാണികൾക്കുള്ള ചെറിയ ഗാലറിയിലാണ്‌ കുട്ടികൾ മഴ നനയാതിരിക്കാൻ കയറിനിന്നത്‌. ശനിയാഴ്‌ച നടന്ന ജൂനിയർ, സബ്‌ ജൂനിയർ ബോയ്‌സ്‌, ഗേൾസ്‌ 400 മീറ്റർ റിലേ മത്സരങ്ങൾക്ക്‌ ബാറ്റൺ ഇല്ലാത്ത പ്രശ്‌നവും നേരിട്ടു. മഴയായിട്ടും മത്സരത്തിന്‌ ആവശ്യമായ ബാറ്റൺ ഇല്ലാത്തതിനാൽ രണ്ടുഘട്ടമായാണ്‌ മത്സരങ്ങൾ നടന്നത്‌. പെൺകുട്ടികൾക്ക്‌ അടക്കം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്‌ചയുണ്ടായി.


ആറുവരെ ശുചിമുറികൾ അനുവദിച്ചതിൽ ഉപയോഗിക്കാനാകുന്നത്‌ മൂന്നെണ്ണം മാത്രം. അതും വൃത്തിഹീനമായ അവസ്ഥയിലും. ലൈറ്റുപോലും ഇല്ലാത്ത ഒറ്റമുറിയാണ്‌ പെൺകുട്ടികൾക്ക്‌ വസ്‌ത്രം മാറാൻ അനുവദിച്ചത്‌. ദൂരസ്ഥലങ്ങളിൽനിന്ന് അതിരാവിലെ എത്തിയ കുട്ടികൾക്ക് വിശ്രമമുറികളും മേളനഗരിയിൽ ഒരുക്കിയിട്ടില്ല. മത്സരത്തിൽ പങ്കെടുക്കാൻ മാസങ്ങളോളം കഠിനപരിശീലനം നടത്തി എത്തുന്ന കുട്ടികളുടെ മനോവീര്യം കെടുത്തുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home