print edition സമരപോരാട്ടങ്ങളാൽ ചുവന്നമണ്ണ്

തിരുവനന്തപുരം: കയർത്തൊഴിലാളികളുടെ നാട്, കായലും കടലും സൗന്ദര്യമൊരുക്കുന്ന നാട്. നിത്യഹരിതനായകൻ പ്രേംനസീറിന്റെ ജന്മനാട്. തലസ്ഥാനത്തിന് പ്രകൃതിനൽകിയ സൗന്ദര്യമാണ് ചിറയിൻകീഴ്. കയർ, കർഷക സമരപോരാട്ടങ്ങളാൽ ചുവന്നമണ്ണ്.
നാടിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റിയ സർക്കാരിന്റെ തുടർച്ചയ്ക്ക് കരുത്തേകുന്നതായിരിക്കും ചിറയിൻകീഴുകാരുടെ ജനവിധിയെന്ന് ഉറപ്പായിക്കഴിഞ്ഞു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് എക്‌സ്‌റേ യൂണിറ്റ്, കൂന്തള്ളൂർ സ്‌കൂളിന് കെട്ടിടം, മുടപുരത്തും പാലമൂടിനും വായനശാല, കൂടാതെ പ്രേംനസീറിന് ജന്മനാട്ടിൽ സ്‌മാരകം എന്നിവ സർക്കാർ യാഥാർഥ്യമായി.
സാംസ്‌കാരികവകുപ്പിൽനിന്ന് 1.32 കോടിയും വി ശശി എംഎൽഎയുടെ ആസ്‌തിവികസനഫണ്ടിൽനിന്ന് 1.58 കോടിരൂപയും വിനിയോഗിച്ച് നിർമിക്കുന്ന പ്രേംനസീർ സ്‌മാരകത്തിന്റെ നിർമാണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ചിറയിൻകീഴിലെ റെയിൽവേ മേൽപ്പാലമെന്ന സ്വപ്‌നവും സാക്ഷാൽക്കരിച്ചു.
താലൂക്കാശുപത്രി വികസനവും ശാർക്കര–പണ്ടകശാല റോഡ് നവീകരിച്ചതും നാട്ടുകാർക്ക് ആശ്വാസമായി. ലൈഫ് സയൻസ് പാർക്ക്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട്, തീരദേശ ഹൈവേ, സ്പോർട്‌സ് കോംപ്ലക്‌സ് തുടങ്ങി മണ്ഡലത്തിലുടനീളം ജനമാഗ്രഹിച്ച പദ്ധതികൾ കാണാം. കയർമേഖലയ്ക്കും വികസനമുണ്ടായി.
കഠിനംകുളം, അഞ്ചുതെങ്ങ് തടാകങ്ങളിലൂടെയാണ് ദേശീയ ജലപാത കടന്നുപോകുക. 56.185 കോടി ചെലവിൽ മേനംകുളം തീരദേശ വില്ലേജിൽ ജി വി രാജ സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കാൻ തീരുമാനിച്ചു. മുഖം മിനുക്കുന്ന ചിറയിൻകീഴിന്റെ വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് രംഗത്തിറക്കിയ ജനകീയസാരഥി മനോജ് ബി ഇടമന (55)യാണ്.
10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ വികസനക്ഷേമപ്രവർത്തനങ്ങളാണ് മനോജിന്റെ കരുത്ത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കിഴുവിലം പഞ്ചായത്തിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും സ്ഥിരംസമിതി അധ്യക്ഷൻ പദവികൾ വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റുമാണ്. കയർത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഷീജയാണ് ഭാര്യ. അമജേഷ്, അമലേഷ് എന്നിവർ മക്കൾ.
കോഴിക്കോടുകാരിയും മുൻ ആലത്തൂർ എംപിയുമായിരുന്ന രമ്യ ഹരിദാസാണ് യുഡിഎഫ് സ്ഥാനാർഥി. പ്രാദേശിക നേതാക്കളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബിജെപി പാളയത്തിൽ ചേക്കേറിയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും കെഎസ്‌യു ജില്ലാ സെക്രട്ടറിയുമായിരുന്ന ബി എസ് അനൂപാണ് (40) എൻഡിഎ സ്ഥാനാർഥി. ഭാര്യ: സുഷാര. മക്കൾ: എ എസ് ഹർഷവർധൻ, എ എസ് ഹൃദ്യ.









0 comments