print edition വിസിയെയും രജിസ്‌ട്രാർമാരെയും ഉൾപ്പെടുത്തി: വാട്‌സാപ് ഗ്രൂപ്പ് വഴി ബി അശോകിന്റെ സമാന്തര സർക്കാർ നീക്കം

ബി അശോക്
പി ആര്‍ ചന്തുകിരൺ
Published on Jun 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: വൈസ് ചാൻസലർമാരെയും രജിസ്‌ട്രാർമാരെയും ഉൾപ്പെടുത്തി വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന്റെ സമാന്തര സർക്കാർ പ്രവർത്തനം. വകുപ്പിന് കീഴിലെ ഒമ്പത് സർവകലാശാലയിലെയും വിസിമാരെയും രജിസ്‌ട്രാർമാരെയും ഒന്നിപ്പിച്ചതിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിക്കാനും രഹസ്യ അജൻഡ നടപ്പാക്കാനുമുള്ള പദ്ധതിക്കാണ് വഴിവെട്ടുന്നത്.
സംഘപരിവാർ അനുകൂലിയായ അശോകിനെ സുപ്രധാന പദവിയിൽ അവരോധിച്ച യുഡിഎഫ് സർക്കാർ നോക്കുകുത്തിയായി ഇരിക്കുകയാണ്. സ്വയംഭരണാധികാരമുള്ള സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് നേരിട്ട് ഇടപെടാൻ നിയമപരമായി ഒരവകാശവും ഇല്ലെന്നിരിക്കെ, മന്ത്രി റോജി എം ജോണിനെ മറികടന്ന് താനാണ് അധികാര കേന്ദ്രമെന്ന സന്ദേശമാണ് അശോക് നൽകുന്നത്.
സർവകലാശാലകളും വകുപ്പും തമ്മിലുള്ള ഇടപെടൽ വേഗത്തിലാക്കാനാണ് നടപടിയെന്നും പിന്നോട്ടില്ലെന്നുമാണ് അശോകിന്റെ നിലപാട്. വൈസ് ചാൻസലറും രജിസ്‌ട്രാറും സാങ്കേതികമായി 24 മണിക്കൂറും പ്രവർത്തനം ഏകോപിപ്പിക്കുന്ന സംവിധാനമാണ്. ജഡ്‌ജി ഇരിക്കുന്നിടം ചേംബർ എന്നതുപോലെ എവിടെയാണെങ്കിലും രജിസ്‌ട്രാർ പ്രവർത്തനത്തിലുണ്ടെന്നതാണ് സർവകലാശാലയുടെ കീഴ്‌വഴക്കം. ഇൗ സംവിധാനത്തിൽ എന്തെങ്കിലും പോരായ്‌മയുണ്ടെന്ന് സർക്കാരിന് വിലയിരുത്തലുണ്ടെങ്കിൽ വിഷയം അജൻഡയാക്കി വിസി, രജിസ്‌ട്രാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് ചർച്ചയിലൂടെയാണ് തീരുമാനമെടുക്കേണ്ടത്. ഇൗ നടപടികളെ അട്ടിമറിച്ചാണ് താനുണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പാണ് പുതിയ നിയമവ്യവസ്ഥയെന്ന് അശോക് പ്രഖ്യാപിക്കുന്നത്.
സെനറ്റും സിൻഡിക്കറ്റും അക്കാദമിക് കൗൺസിലും ഉൾപ്പെടുന്ന സർവകലാശാലയുടെ അക്കാദമിക്–ഭരണനിർവഹണ സംവിധാനത്തിന് ഇത്തരത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്നിരിക്കെ ഉന്നത സ്ഥാനംവഹിക്കുന്ന വിസിമാരെ ഉൾപ്പെടുത്തി വകുപ്പ് ഉദ്യോഗസ്ഥരുടേതിന് സമാനമായി ഗ്രൂപ്പുണ്ടാക്കിയത് അപഹാസ്യമാണ്. കേന്ദ്ര കൃഷി വിദ്യാഭ്യാസ വകുപ്പിനും സമാനമായ ഗ്രൂപ്പുണ്ടെന്നും കാർഷിക സർവകലാശാല വിസി എന്നനിലയിൽ താനടക്കം രാജ്യത്തെ 60 വിസിമാർ അതിൽ അംഗങ്ങളാണെന്നും അശോക് പറയുന്നു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയെന്ന മോദി സർക്കാരിന്റെ അജൻഡയാണ് ഇതിലൂടെ മറനീക്കുന്നത്.










0 comments