യുജിസി കരട് നിർദേശം; ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം : യുജിസി കരട് പരിഷ്‌കാരങ്ങൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് നിർദേശം ഫെഡറലിസത്തെ തകർക്കാനുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുജിസി കരടിലുള്ള നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ദോഷകരമാണ്. വിസി നിയമനത്തിൽ ഗവർണർക്കാണ് അധികാരം നൽകുന്നത്. സംസ്ഥാന സർക്കാരുകൾക്ക് ഒരു പങ്കും നൽകുന്നില്ല. സർവകലാശാലകളിൽ രാഷ്ട്രീയ താൽപ്പര്യം കടന്നുവരാൻ ഇത് അവസരമൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഒരുമിച്ച് മുന്നോട്ടുപോകണം.അതിനുള്ള ആദ്യ ചവിട്ടുപടിയായി ഈ കൺവെൻഷൻ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസികളുടെ മേധാവികളും വിവിധ സർവ്വകലാശാലാ നേതൃത്വങ്ങളും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും അനധ്യാപക ജീവനക്കാരും ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കൺവൻഷനിൽ പ്രതിനിധികൾ ഉണ്ട്.









0 comments