ജാമ്യം റദ്ദാക്കാൻ മടിക്കില്ല
print edition തച്ചങ്കരിയുടെ ആശുപത്രിവാസം ഗിമ്മിക്കാണോ എന്ന് ഹെെക്കോടതി

കൊച്ചി
: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി വിവിധ അസുഖങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ ആശുപത്രിയിൽ അഡ്മിറ്റായതിലെ വസ്തുത വിശദമായി പരിശോധിക്കുമെന്ന് ഹൈക്കോടതി. തച്ചങ്കരിയുടെ ആശുപത്രിവാസം സത്യസന്ധമോ അതോ ജയിൽ സെല്ലിൽ കിടക്കുന്നത് ഒഴിവാക്കാനുള്ള ഗിമ്മിക്കോ എന്നത് കണ്ടെത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കാൻ മടിക്കില്ലെന്നും കോടതി വാക്കാൽ പറഞ്ഞു.
ജാമ്യം ലഭിച്ചയുടൻ തച്ചങ്കരി വിദേശത്ത് ജോലിയിൽ പ്രവേശിക്കാൻ അനുമതി തേടിയതിനെത്തുടർന്നാണ് കോടതി സത്യാവസ്ഥ പരിശോധിക്കുന്നത്.
ജയിലിലെത്തിയ സെപ്തംബർ 17 മുതൽ മോചിതനായ ഒക്ടോബർ 15വരെ ഹർജിക്കാരൻ ചികിത്സയിലായിരുന്നു. ഒരുദിവസം പോലും സെല്ലിൽ കിടന്നിട്ടില്ല. പുറത്തിറങ്ങിയപ്പോൾ വിദേശജോലിക്ക് പ്രാപ്തനാണെന്ന് പറയുന്നു. ഇത് കടുത്ത വൈരുധ്യമാണെന്നും കോടതി പറഞ്ഞു. കോടതി നിർദേശപ്രകാരം ജയിൽ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ട് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.
ബൈപാസ് സർജറിക്ക് വിധേയനായ തച്ചങ്കരിക്ക് ഹൃദ്രോഗം, ശ്വാസതടസ്സം അടക്കമുള്ള അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.
വിമാനയാത്രയിലടക്കം ശ്വസന ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് തച്ചങ്കരിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ളയാൾ വിദേശത്ത് ജോലി ചെയ്യുന്നതെങ്ങനെയെന്ന ചോദ്യം കോടതി ആവർത്തിച്ചു. റിപ്പോർട്ടുകൾ പരിശോധിച്ച് വിശദവാദത്തിനായി കേസ് 12ലേക്ക് മാറ്റി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷമാണ് തടവിന് ശിക്ഷിച്ചിരുന്നത്. തുടർന്നുള്ള അപ്പീലിൽ കർശന ഉപാധികളോടെയാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. അപ്പീലിൽ അന്തിമവാദം തുടരവെയാണ് തച്ചങ്കരി വിദേശയാത്രാനുമതി തേടി കോടതിയിൽ അപേക്ഷ നൽകിയത്.









0 comments