സിസ തോമസിനും ശിവപ്രസാദിനും തുടരാനാകില്ല

2 താൽക്കാലിക വിസിമാർ ഔട്ട്‌ ; നിയമനം സർക്കാർ പട്ടികയിൽനിന്ന് വേണമെന്ന് ഹെെക്കോടതി

high court rejects appeal over temporary vc appointment
avatar
പി വി ബിന്ദു

Published on Jul 15, 2025, 03:13 AM | 2 min read


കൊച്ചി

സർക്കാർ നൽകുന്ന പട്ടികയിൽനിന്നല്ലാതെ താൽക്കാലിക വെെസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സർവകലാശാലകളെ സംഘപരിവാർ തട്ടകമാക്കാൻ തന്നിഷ്‌ടപ്രകാരം ചാൻസലർ കൂടിയായ ഗവർണർ നടത്തുന്ന രാഷ്‌ട്രീയക്കളിക്ക്‌ ഇതോടെ കനത്ത തിരിച്ചടിയായി.


കേരള സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസിമാരായ ഡോ. കെ ശിവപ്രസാദും ഡോ. സിസ തോമസും ഈ വിധിയോടെ പുറത്താകും. ഇരുവരെയും ഗവർണർ നിയമിച്ചത് നിയമപരമല്ലെന്ന് വിധിച്ച സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച്‌ ശരിവച്ചു.


സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്‌ത്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി വി ബാലകൃഷ്‌ണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. താൽക്കാലിക വിസി നിയമനം സർക്കാർ പട്ടികയിൽനിന്ന് വേണമെന്ന സംസ്ഥാനനിയമം കേന്ദ്രനിയമത്തിനോ ഭരണഘടനയ്‌ക്കോ എതിരല്ലെന്ന്‌ കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയമനത്തിന് ആറുമാസമാണ് സാധുത. യുജിസി ചട്ടപ്രകാരം ചാൻസലർക്കാണ് നിയമനാധികാരമെന്നും ചട്ടങ്ങളിലെ വ്യവസ്ഥകളിൽ വ്യക്തത വരുത്തേണ്ട യുജിസിയെ കേട്ടില്ലെന്നുമുള്ള ഗവർണറുടെ വാദവും ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പും സ്‌പെഷൽ ഗവ. പ്ലീഡർ വി മനുവും ഹാജരായി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കെ ശിവപ്രസാദും സിസ തോമസും നൽകിയ അപ്പീലും തള്ളി.


താൽക്കാലിക വിസി നിയമനത്തിൽ തെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണെന്ന്‌ കോടതി വ്യക്തമാക്കി. സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രോ വൈസ് ചാൻസലറെയോ മറ്റേതെങ്കിലും സർവകലാശാലയുടെ വിസിയെയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെയോ ആണ് താൽക്കാലിക വിസിയായി നിയമിക്കേണ്ടത്. ഡിജിറ്റൽ സർവകലാശാലയിൽ, സർക്കാർ ശുപാർശയോടെ മറ്റേതെങ്കിലും സർവകലാശാലയുടെ വിസിയെയോ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സെക്രട്ടറിയെയോ നിയമിക്കണം. സർക്കാർ നൽകിയ പാനൽ മറികടന്ന് അന്നത്തെ ചാൻസലർ ആരിഫ് മൊഹമ്മദ് ഖാനാണ് താൽക്കാലിക വിസിമാരെ നിയമിച്ചത്.


സ്ഥിരം വിസി നിയമനം വൈകരുത്‌

സർവകലാശാലയുടെ തലവൻ എന്ന നിലയിൽ വൈസ് ചാൻസലർക്ക് വളരെ പ്രധാന്യമുണ്ടെന്നും അതിനാൽ സ്ഥിരം നിയമനം വെെകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. സർവകലാശാലയിലെ എക്‌സിക്യൂട്ടീവ്, അക്കാദമിക് വിഭാഗങ്ങൾക്കിടയിലുള്ള പാലമായാണ് വിസി പ്രവർത്തിക്കുന്നത്. സ്ഥിരം വിസി നിയമനം നീളുന്നത് വിദ്യാർഥികളെ ബാധിക്കും. അതിനാൽ സ്ഥിരം നിയമനം വേഗത്തിലാക്കാൻ സർക്കാരും ഗവർണറും വേണ്ടവിധം ഇടപെടണമെന്നും കോടതി നിർദേശിച്ചു. സ്ഥിരം വിസി നിയമനത്തിനായി നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.


ഗവർണർക്കെതിരായ ഹർജി പിൻവലിക്കാം: സുപ്രീംകോടതി

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക്‌ സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ കേരളം നൽകിയ ഹർജി പിൻവലിക്കാൻ സംസ്ഥാനത്തിന്‌ അവകാശമുണ്ടെന്ന്‌ സുപ്രീംകോടതി. സമാന ആവശ്യം ഉന്നയിച്ചുള്ള തമിഴ്‌നാട്‌ സർക്കാരിന്റെ ഹർജിയിൽ ഗവർണർക്ക്‌ ബില്ലിൽ തീരുമാനമെടുക്കാൻ മൂന്നുമാസം സമയപരിധി നിശ്ചയിച്ച്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രിൽ എട്ടിലെ ഈ വിധിയോടെ കേരളത്തിന്റെ ആവശ്യങ്ങൾക്കും പരിഹാരമായ സാഹചര്യത്തിലാണ്‌ ഹർജി പിൻവലിക്കുന്നതെന്ന്‌ സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ പറഞ്ഞു.


ആവശ്യത്തെ കേന്ദ്രസർക്കാർ എതിർത്തു. വിധിക്കെതിരെ രാഷ്‌ട്രപതി റഫറൻസ്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ പിൻവലിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു സോളിസിറ്റർ ജനറൽ പറഞ്ഞത്‌. എന്നാൽ കേരളത്തിന്റെ ആവശ്യത്തോട്‌ യോജിക്കുകയാണെന്ന്‌ ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച്‌ വ്യക്തമാക്കി. ഹർജി നൽകിയവർക്ക്‌ അത്‌ പിൻവലിക്കാൻ അവകാശമുണ്ടെന്ന്‌ ബെഞ്ച്‌ കേന്ദ്രത്തോട്‌ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട സമയം നൽകാനായി രണ്ടാഴ്‌ചത്തേക്ക്‌ കേസ്‌ മാറ്റി.


sisa thomas





deshabhimani section

Related News

View More
0 comments
Sort by

Home