പരാതി നൽകിയത് അച്ഛൻ
മകന്റെ ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെ പങ്കാളിയുടെ പേര് : രജിസ്‌ട്രാറുടെ നടപടി റദ്ദാക്കി

കൊച്ചി
അച്ഛനെ അറിയിക്കാതെ മകന്റെ ജനന സർട്ടിഫിക്കറ്റ് തിരുത്തി നൽകിയ പയ്യന്നൂർ നഗരസഭാ രജിസ്ട്രാറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. കുട്ടിയുടെ അമ്മയും പങ്കാളിയും നൽകിയ അപേക്ഷയിൽ അച്ഛന്റെ പേരും വിലാസവും മാറ്റിയതിനെതിരെയായിരുന്നു ഹർജി.
അമ്മയുടെ പങ്കാളിയുടെ പേരാണ് പുതിയ ജനന സർട്ടിഫിക്കറ്റിൽ ചേർത്തിരുന്നത്. മാറ്റംവരുത്താൻ നഗരസഭാ രജിസ്ട്രാർക്ക് അധികാരമില്ലെന്നും പിതൃത്വനിർണയം ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയ്‌ക്ക് ഉൾപ്പെടെ കോടതിയുടെ അനുമതി വേണമെന്നും ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിൽ വ്യക്തമാക്കി. പേര് മാറ്റാൻ ആവശ്യപ്പെട്ട് യുവതിയും പങ്കാളിയും നല്‍കിയ അപേക്ഷ പുനഃപരിശോധിക്കാനും ഉത്തരവിട്ടു.
ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് വിവാഹമോചനശേഷം യുവതി, പങ്കാളിയുമായി ചേര്‍ന്ന് നഗരസഭാ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയാണ് മാറ്റംവരുത്തിയത്. തന്റെ ഭാഗം കേൾക്കാതെയാണ് സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തിയതെന്ന് അച്ഛൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ജനന–-മരണ രജിസ്ട്രേഷൻ നിയമപ്രകാരമാകണം തിരുത്തലുകളെന്നും നഗരസഭ ഈ വ്യവസ്ഥകൾ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. അച്ഛന്റെ പേര് മാറ്റുന്നതിന് ഡിഎൻഎ പരിശോധനാ ഫലം, നോട്ടറിയുടെ സാക്ഷ്യപത്രം, കോടതി ഉത്തരവ് എന്നിവ നിർബന്ധമാണ്. ദമ്പതികളുടെ വിവാഹകാലയളവിൽ ജനിച്ച കുട്ടിയുടെ നിയമപരമായ പിതാവായി കണക്കാക്കേണ്ടത് ഹർജിക്കാരനെയാണെന്നും കോടതി വ്യക്തമാക്കി.











0 comments