ഇതാ അതിദരിദ്രരില്ലാത്ത കോട്ടയം; പ്രഖ്യാപനം ഇന്ന്

kottayam dis
വെബ് ഡെസ്ക്

Published on Jun 28, 2025, 07:38 AM | 1 min read

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ശനിയാഴ്ച പ്രഖ്യാപിക്കും. പകൽ 11ന്‌ ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കുന്ന പടിപാടിയിൽ മന്ത്രി എം ബി രാജേഷ് പ്രഖ്യാപനം നടത്തും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.


അതിദാരിദ്ര്യനിർമാർജനം സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ചതിന്‌ പിന്നാലെ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതരസംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഭക്ഷണത്തിന്‌ ബുദ്ധിമുട്ട്‌ നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും, ആഹാരം പാകംചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകംചെയ്ത ഭക്ഷണവും നൽകി. 605 കുടുംബങ്ങൾക്കാണ്‌ ഇത്തരത്തിൽ സേവനം നൽകുന്നത്. 693 കുടുംബങ്ങൾക്ക് മരുന്നുകളും 206 കുടുംബങ്ങൾക്ക്‌ പാലിയേറ്റീവ് കെയർ സേവനവും ആറ്‌ കുടുംബങ്ങൾക്ക്‌ ആരോഗ്യസുരക്ഷാ സാമഗ്രികളും ലഭ്യമാക്കി. തദ്ദേശസ്ഥാപനതലത്തിൽ തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരമായിരുന്നു പ്രവർത്തനങ്ങൾ.


കൂടെയുണ്ടാകും എന്ന ഉറപ്പ്‌


155 കുടുംബങ്ങൾക്കാണ്‌ വരുമാനമാർഗത്തിനുള്ള സൗകര്യമൊരുക്കിയത്‌. കുടുംബശ്രീ- ഉജ്ജീവനം പദ്ധതിയിലൂടെ 140, തദ്ദേശ സ്ഥാപനങ്ങൾ വഴി ആറ്‌, മറ്റുവകുപ്പുകൾ നാല്‌, സ്വകാര്യ സ്ഥാപനങ്ങൾ അഞ്ച്‌ കുടുംബങ്ങൾക്കുമാണ്‌ ഇത്‌ ഉറപ്പാക്കിയത്‌. ഭവനരഹിതരും ഭൂരഹിത ഭവനരഹിതരമായ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി. വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്കും വീടും വസ്തുവും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി.


22 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി. ലൈഫ്, പിഎംഎവൈ, സ്‌പോൺസർഷിപ്പ്, സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് യാഥാർഥ്യമാക്കിയത്. അവശേഷിച്ച ഒരാൾക്ക് വീടുനിർമിക്കാൻ മന്ത്രി വി എൻ വാസവൻ ഇടപെട്ട് വൈക്കത്ത് നാലുസെന്റ് ഭൂമി ലഭ്യമാക്കിയതോടെയാണ്‌ ജില്ല അതിദാരിദ്ര്യമുക്തമെന്ന ലക്ഷ്യം പൂർത്തീകരിച്ചത്. 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻകാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റ്‌ തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശരേഖകൾ ലഭ്യമാക്കി. ജില്ലയെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവർത്തനത്തിൽ സജീവമായി പങ്കാളികളായവരെ മന്ത്രി വി എൻ വാസവൻ അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home