മൈലാഞ്ചി മൊഞ്ചുള്ള വീട്‌

henna
avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Mar 29, 2025, 02:04 AM | 1 min read


കൽപ്പറ്റ : വയനാട്‌ തുർക്കിയിൽ സർക്കാർ നൽകിയ വാടകവീടിനിപ്പോൾ മൈലാഞ്ചി മൊഞ്ചാണ്‌. ‘ദ ഹെന്നയിസ്‌റ്റ്‌’ കൈകളിൽ ചന്തം നിറയ്‌ക്കുമ്പോൾ ഒരു പതിനാറുകാരി തന്റെ കുടുംബത്തിന്‌ തണലാവുകയാണ്‌. ഉരുൾ ദുരന്ത അതിജീവിതയായ നസ്‌ലയാണ്‌ ‘ദ ഹെന്നയിസ്റ്റ്’ എന്ന സംരംഭം തുടങ്ങിയത്‌. ദിവസവും മുപ്പതിലേറെ മൈലാഞ്ചിപ്പൊതികളാണ്‌ ഇവിടെ നിർമിക്കുന്നത്‌. ചെറിയ പെരുന്നാളായപ്പോൾ കച്ചവടം കൂടിയ സന്തോഷത്തിലാണ്‌ നസ്‌ല.


ഓൺലൈനിലാണ്‌ വിൽപ്പന. ആവശ്യക്കാർ വീട്ടിലേക്കും എത്തുന്നുണ്ട്‌. ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ വാടകവീട്ടിലെത്തിയപ്പോൾ ഓൺലൈനിലൂടെ മൈലാഞ്ചി നിർമാണം പഠിച്ചു. ചെറിയ സംരംഭം ആറുപേരടങ്ങുന്ന കുടുംബത്തിന്‌ വരുമാനമാർഗമായി.

പുഞ്ചിരിമട്ടം പൊട്ടിയൊലിച്ചപ്പോൾ മുണ്ടക്കൈയിൽനിന്ന്‌ ജീവനും വാരിപ്പിടിച്ച്‌ ഇറങ്ങിയതാണ്‌ നസ്‌ലയുടെ കുടുംബം. കുടുംബത്തിലെ മുപ്പതുപേരെ ഉരുളെടുത്തു. ബാപ്പ നജ്‌മുദ്ദീൻ 22 വർഷം വിദേശത്ത്‌ ജോലിചെയ്‌തുണ്ടാക്കിയ വീട്‌ നശിച്ചു. നജ്‌മുദ്ദീൻ പ്രവാസജീവിതം അവസാനിപ്പിച്ച്‌ മടങ്ങാനൊരുങ്ങുന്ന സമയത്തായിരുന്നു ദുരന്തം. നാട്ടിലെത്തിയെങ്കിലും ജോലിതേടി വീണ്ടും സൗദിയിലേക്ക്‌ മടങ്ങി.


‘മൈലാഞ്ചിയിടാൻ പണ്ടേ വല്യ ഇഷ്‌ടമായിരുന്നു. ഉരുൾപൊട്ടലിനുശേഷം ബാപ്പയെയും ഉമ്മയെയും എങ്ങനെ സഹായിക്കാമെന്നായി ചിന്ത. മൈലാഞ്ചി നിർമാണത്തിലൂടെ കുടുംബത്തെ സഹായിക്കാനാകുന്നതിൽ സന്തോഷമുണ്ട്‌’–- നസ്‌ല പറഞ്ഞു.


പ്ലസ്‌ ടു പഠനത്തിനിടെയാണ്‌ സംരംഭത്തിന്റെ നടത്തിപ്പ്‌. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പരീക്ഷ അവസാനിച്ചത്‌. കൊമേഴ്‌സ്‌ പഠിച്ച നസ്‌ലയ്‌ക്ക്‌ ബികോമിനുചേർന്ന്‌ സംരംഭകയാകാനാണ്‌ ആഗ്രഹം. മൈലാഞ്ചി വാങ്ങാൻ 7306334381 എന്ന ബിസിനസ്‌ വാട്‌സ്‌ആപ്പിലും ‘thehenneist’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Home