ഹേമചന്ദ്രൻ കൊലക്കേസ്: ഹണിട്രാപ്പിനായി വിളിച്ചുവരുത്തിയ യുവതി റിമാൻഡിൽ

കോഴിക്കോട്: ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അഞ്ചാം പ്രതിയായ യുവതി പിടിയില്‍. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിനിയായ ലീബ (41)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. വിദേശത്തേക്കുകടന്ന ഇവര്‍ക്കെതിരെ പൊലീസ് ലുക്ക‍് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് അറസ്‌റ്റുചെയ്‌തത്.
ഹേമചന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാനുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. ലീബയാണ് ഹേമചന്ദ്രനെ ഹണിട്രാപ്പിനായി കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തേക്ക് വിളിച്ചുവരുത്തിയത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനത്തില്‍ കുഴിച്ചുമൂടിയെന്നാണ് കേസ്. നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിന്‍ മാത്യു എന്നിവർ നേരത്തെ അറസ്റ്റിലായി.
2024 മാര്‍ച്ചിലാണ് കോഴിക്കോട്ടെ വാടക വീട്ടില്‍നിന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഭാര്യ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജൂണിലാണ് മൃതദേഹം തമിഴ്‌നാട് ചേരമ്പാടിയിലെ വനപ്രദേശത്തുനിന്ന് കണ്ടെടുത്തത്. ഡിഎന്‍എ പരിശോധനയിലാണ് ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന വാദമായിരുന്നു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പുല്ലമ്പി വീട്ടില്‍ നൗഷാദ് വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഉന്നയിച്ചത്. ആത്മഹത്യചെയ്തത് കണ്ടപ്പോള്‍ താനും സുഹൃത്തുക്കളും മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.
ഇൗ വാദങ്ങള്‍ തള്ളിയ അന്വേഷക സംഘം കൊലനടന്നത് നൗഷാദിന്റെ നേതൃത്വത്തില്‍ത്തന്നെയാണെന്നാണ് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സമര്‍പ്പിച്ച 445 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. നൗഷാദിനെ വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോള്‍ ബംഗളുരു വിമാനത്താവളത്തില്‍ തടഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ ലീബയെ കോടതിയില്‍ ഹാജരാക്കി അന്വേഷക സംഘം കസ്റ്റഡിയില്‍ വാങ്ങും.











0 comments