പ്രത്യേക ശ്രദ്ധയ്ക്ക് ! താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം

ഫയൽ ചിത്രം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനും ചുരത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനുമാണ് നടപടിയെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം എസ് മാധവിക്കുട്ടി അറിയിച്ചു.
രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരും. ഉത്തരവ് അനുസരിച്ച് രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിശ്ചിത സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതിയുണ്ടാകില്ല.
ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഇത്തരം ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ വഴിയുള്ള ബദൽ പാതകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി.
മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ സി കെ കാസിം എംഎൽഎ, കോഴിക്കോട് - വയനാട് ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. യാത്രാദുരിതം ഒഴിവാക്കുന്നതിനായി ചെറിയ വാഹനങ്ങളെയും അടിയന്തര-അവശ്യ സർവീസുകളെയും നിയന്ത്രണത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ, ആംബുലൻസുകൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകൾ, സായുധ സേനകൾ, കേരള പൊലീസ് എന്നിവരുടെ വാഹനങ്ങൾക്കും കളക്ടറുടെ പ്രത്യേക അനുമതിയുള്ള വാഹനങ്ങൾക്കും ചുരത്തിലൂടെ തടസ്സമില്ലാതെ കടന്നുപോകാം.
നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരത്തും ലക്കിടിയിലും വയനാട് പോലീസുമായി സഹകരിച്ച് 24 മണിക്കൂറും പോലീസ് കാവൽ ഏർപ്പെടുത്തും. ഉത്തരവ് ലംഘിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
കാലവർഷക്കെടുതി നേരിടുന്നതിന്റെ ഭാഗമായി ചുരത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. റോഡിന്റെ അവസ്ഥ നിരന്തരം നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് എൻ എച്ച് വിഭാഗത്തെയും ചുമതലപ്പെടുത്തി.










0 comments