മലയോര മേഖലകളിൽ അതിശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായി. കോട്ടയത്തിന്റെ മലയോരമേഖലയിൽ പ്രളയ സമാനമായ അവസ്ഥയാണ്. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും കൊക്കയർ പഞ്ചായത്തിലും ഉരുൾപൊട്ടി.
ഈരാറ്റുപേട്ട ടൗണിലും പാലാ നഗരത്തിലും വെള്ളം കയറിയതായാണ് വിവരം. നിരവധി കടക്കമ്പോളങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡുകളിലൂടെയുള്ള ഗതാഗത സഞ്ചാരം നിലച്ചു. കൂട്ടിക്കലിൽ ചില വീടുകളിലും കാഞ്ഞിരപ്പള്ളിയിലും പാറത്തോട്ടിലും നിരവധിയിടങ്ങളിൽ വെള്ളം കയറി.
വെള്ളം കയറിയതോടെ കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിൻ്റെ വീട് ഒലിച്ചു പോയി. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ ഒരു വീട് മണ്ണിനടിയിലായതായും റിപ്പോർട്ടുകളുണ്ട്. വീടിന് മുകളിലേക്ക് കല്ലും മണ്ണും വന്നു പതിക്കുകയായിരുന്നു. വീടിനകത്ത് ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കോട്ടയം കുമളി റൂട്ടിൽ ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. മുണ്ടക്കയം എരുമേലി റൂട്ടിലും ഗതാഗതം സ്തംഭിച്ചു. എരുമേലി വലിയമ്പലത്തിലും ഈരാറ്റുപേട്ട, നടക്കൽ, മുരിക്കോരി ഭാഗങ്ങളിലും വെള്ളം കയറി. തൊടുപുഴ റോഡും പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിലെ റോഡും വെള്ളത്തിലായി.
അതേസമയം, ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായി. കുടയത്തൂർ അടൂർ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് ഒരാളെ കാണാനില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഒരു വീട് പൂർണമായും നശിച്ചതായാണ് വിവരം. കുടയത്തൂർ അടൂർമല ക്ഷേത്രത്തിന് സമീപം വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞതായും വിവരമുണ്ട്.









0 comments