റോബോട്ടുകളെ നിര്‍മ്മിക്കാൻ റോബോട്ടുകൾ: ചെെനയിൽ വമ്പൻ ഹ്യൂമനോയിഡ് ഫാക്ടറി, പുറത്തിറങ്ങുന്നത് 10,000 റോബോകൾ

പ്രതീകാത്മക ചിത്രം
ലോകത്തെ മനുഷ്യര്‍ക്കിടയിൽ ഇനി മനുഷ്യ രൂപത്തിലുള്ള യന്ത്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന പ്രവചനം അത്ര ദൂരത്തല്ല. പതിയെ വീടുകളിൽ സഹായത്തിന് വരെ റോബോകൾ വരുമെന്നതിന് വേഗത്തിൽ തന്നെ എന്നു തിരുത്ത് നൽകുകയാണ് ചൈന.
റോബോട്ടുകൾ ചേര്‍ന്ന് മറ്റ് റോബോട്ടുകളെ നിര്‍മ്മിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് സ്‌മാർട്ട് ഫാക്ടറി അവര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞു. പ്രതിവര്‍ഷം 10,000 റോബോട്ടുകളെ നിര്‍മ്മിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ്. ഓരോ പത്ത് മിനിറ്റിലും ഒരു ഒരു ഇൻഡസ്ട്രിയൽ ഹ്യൂമനോയിഡ് റോബോട് പുറത്തിറങ്ങുന്നു എന്ന കൂറ്റൻ ലക്ഷ്യത്തിലേക്കാണ് കുതിപ്പ്.
ചൈനയുടെ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ യുബിടെക്, സീമൻസ് ഡിജിറ്റൽ ഇൻഡസ്ട്രീസ് സോഫ്ട് വെയറുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഫാക്ടറി സവിശേഷമാണ്. ചൈനയിലെ ഗുവാങ്‌ഷി ഷുവാങ് സ്വയംഭരണ മേഖലയിലെ ലിയുഷൗവിലാണ് റോബോ ശാല സ്ഥിതി ചെയ്യുന്നത്. യുബിടെക്കിന്റെ വോക്കർ എസ് (Walker S), ക്രൂസർ (Cruzr) ഇൻഡസ്ട്രിയൽ ഹ്യുമനോയിഡുകളെയാണ് ഇവിടെ മുഖ്യമായും നിര്‍മ്മിക്കുന്നത്. വോക്കര്‍ പേരുപോലെ നടക്കാനും ഓടാനും ഒക്കെ കഴിവുള്ളവയാണ്. ക്രൂസര്‍ ചക്രങ്ങളിൽ ഉരുണ്ടു നീങ്ങുന്നവയാണ്. ഇവയെ നിയമിച്ചിട്ടുള്ളതും നിര്‍മ്മിക്കുന്നതും 14,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫാക്ടറിലാണ്.
ഫാക്ടറി നിയന്ത്രണത്തിനും റോബോട്ടുകൾ
ഫാക്ടറിയുടെ മുഴുവൻ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് യുബിടെക് വികസിപ്പിച്ച സ്മാര്‍ട് ബ്രെയിൻ എന്ന ഡിജിറ്റൽ സിസ്റ്റമാണ്. ഉൽപാദന ആസൂത്രണം, സാധനങ്ങൾ എന്നു തുടങ്ങി ഗുണനിലവാര പരിശോധന വരെ അവര്‍ തന്നെ നിര്‍വ്വഹിക്കും. കമ്പനിയുടെ ക്രൂസർ Y1, ക്രൂസർ S2 എന്നീ റോബോട്ടുകളാണ് അസംസ്‌കൃത വസ്തുക്കൾ അൺലോഡ് ചെയ്യുന്നതിനും, അടുക്കി വെക്കുന്നതിനും, പ്രൊഡക്ഷൻ ഫ്ലോറിലേക്ക് മാറ്റുന്നതിനും സഹായിക്കുന്നത്. കൂടാതെ, കൊളാബറേറ്റീവ് റോബോട്ടിക് ആമുകൾ, അൺമാൻഡ് ലോജിസ്റ്റിക്സ് വാഹനങ്ങൾ, റൊട്ടേറ്റിംഗ് വർക്ക്ടേബിളുകൾ എന്നിവിടങ്ങളിൽ എല്ലാം മനുഷ്യ ഇടപെടലുകൾ കുറവാണ്.
റോബോടുകളെ നിര്‍മ്മിച്ച് വെറുതെ പുറത്ത് വിടില്ല. നാല് മണിക്കൂര്‍ നീളുന്ന പരിശോധന ഇതര റോബോകൾ തന്നെ നടത്തും. തുടര്‍ന്ന് 360 ഡിഗ്രി വിഷ്വൽ സ്പേസിലൂടെ പ്രവൃത്തി ചെയ്യിച്ചും നിരീക്ഷിക്കും. കാത്തിരിക്കാം, ആഭ്യന്തര മേഖലയിലെ ആവശ്യങ്ങൾ പരിഹരിച്ച ശേഷമാവും ഇവ പുറം രാജ്യങ്ങളിലേക്ക് എത്തുക.

ഇതര രാജ്യങ്ങളിലും ഇത്തരം ഫാക്ടറികളും ഗവേഷവും നടക്കുന്നുണ്ട്. എന്നാൽ മുഴുവൻ റോബോട് നിയന്ത്രിതം (Fully Automated "Robots-building-robots" level) എന്ന ലക്ഷ്യമാണ് ചൈന കൈവരിച്ചത്. മനുഷ്യരെയും പരമ്പരാഗത ഉപകരണങ്ങളെയും പരമാവധി ഒഴിവാക്കിയാണിത്.
അമേരിക്കയിലെ അജിലിറ്റി റോബോട്ടിക്സിന്റെ 'റോബോഫാബ്' സമര്‍പ്പിത റോബോ ഫാക്ടറിയാണ്. ടെസ്ലയുടെ ഓപ്ടിമസും ഇതേ നിര്‍മാണ ശേഷിയുള്ളതാണ്. ഫിഗര്‍ എഐയും ഈ രംഗത്ത് മുന്നേറുന്നു. വ്യാവസായിക അടിസ്ഥാനത്തിലുള്ള കുതിപ്പിലേക്കാണ് ഈ രംഗം മത്സരിച്ച് മുന്നേറുന്നത്.









0 comments