print edition കനത്ത മഴ: മുല്ലപ്പെരിയാറിൽ 13 സ്‌പിൽവേ ഷട്ടറുകൾ തുറന്നു

കുമളി: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നതിനിടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത നാശം. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് 13 ഷട്ടറും ഉയർത്തി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്നുവിട്ടു. മൂന്ന് ഘട്ടമായാണ് സ്‌പിൽവേ ഷട്ടറുകൾ ഉയർത്തിയത്. എല്ലാ ഷട്ടറുകളും ഉയർത്തിയതോടെ സെക്കൻഡിൽ 7163 ഘനയടി വെള്ളം പെരിയാർവഴി ഇടുക്കി സംഭരണിയിലെത്തുന്നുണ്ട്. പദ്ധതി മേഖലയിൽ എട്ടുമണിക്കൂർ തുടർച്ചയായി അതിശക്തമായ മഴ പെയ്‌തു. 24 മണിക്കൂറിനകം അണക്കെട്ട് പ്രദേശത്ത് 68 മി. മീറ്ററും തേക്കടിയിൽ 158.40 മി. മീറ്ററും മഴ പെയ്‌തു.
ശനി രാവിലെ ഒന്പതിനാണ് അണക്കെട്ടിന്റെ വശത്തുള്ള മൂന്ന് ഷട്ടറുകൾ 75 സെന്റിമീറ്റർ ഉയർത്തി 1078 ഘനയടി വീതം വെള്ളം സെക്കൻഡിൽ പെരിയാറിലേക്ക് ഒഴുക്കിയത്. 5.75 അടി വെള്ളം ഉയർന്നിരുന്നു. റൂൾ കർവ് പ്രകാരമുള്ള സംഭരണശേഷി പിന്നിട്ടതിനെതുടർന്നാണ് ആദ്യഘട്ടം മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. റൂൾ കർവ് പ്രകാരം തമിഴ്നാടിന് അണക്കെട്ടിൽ 137.75 അടി വെള്ളം മാത്രമാണ് ശേഖരിക്കാൻ കഴിയുന്നത്. ശനി രാവിലെ ആറിനുതന്നെ ജലനിരപ്പ് 137.80 അടി എത്തിയിരുന്നു.
ശനി പകൽ ഒന്നിന് സ്‌പിൽവേയിലെ എല്ലാ ഷട്ടറുകളും ഉയർത്തി സെക്കൻഡിൽ 7163 ഘനയടി വീതം വെള്ളം പെരിയാറിലേക്ക് തുറന്ന് വെള്ളത്തിന്റ അളവ് വർധിപ്പിച്ചു. ഷട്ടറുകൾ 75 സെന്റിമീറ്റർ ഉയർത്തി വച്ചിട്ടുണ്ടെങ്കിലും 50 സെന്റിമീറ്റർ ഉയരത്തിൽ മാത്രമാണ് വെള്ളം ഒഴുകുന്നത്. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിവരുന്ന വെള്ളത്തിന്റെ അതേ അളവിൽ തുറന്നു വിട്ടു. ശനി രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 17,828 ഘനയടി വീതം വെള്ളം ഒഴുകിയെത്തി.










0 comments