ad
Deshabhimani

സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ; മൂന്ന് ജില്ലകളിലായി 6 മരണം

heavy rain

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 20, 2026, 11:04 PM | 2 min read

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മലയോരമേഖലകളിൽ തുടർച്ചയായി പെയ്ത മഴയിൽ സംസ്ഥാനത്താകെ ആറു പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം, മലപ്പുറം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലായുണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിലുമായാണ് ആറ് പേർ മരിച്ചത്. ഇടുക്കിയിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിൽ മണ്ണിടിഞ്ഞ് വീണും, കോട്ടയത്ത് റോഡരികിലും വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞും, മലപ്പുറത്ത് മലവെള്ളപ്പാച്ചിലിലുമാണ് മരണങ്ങൾ സംഭവിച്ചത്.


ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ രണ്ടു പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റതായാണ് വിവരം. കനത്ത മഴയിൽ ഷെഡിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മണ്ണിനടിയിൽ കുടുങ്ങിയ ഇരുവരെയും ഒരു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. പ്രദേശത്ത് മൂന്നു മണിക്കൂറോളം നിർത്താതെ പെയ്തതാണ് അപകടത്തിന് കാരണമായത്.


കോട്ടയം ജില്ലയിലുണ്ടായ അതിതീവ്ര മഴയിൽ സ്കൂട്ടറിന്റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിനി മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾ ലാൽ (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിൽ നിന്നും വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ വാഗമൺ കാണാനെത്തിയതാണ് ഇരുവരും. വാഗമൺ കണ്ട് മടങ്ങവെ, മണ്ണിടിച്ചിലിൽ അകപ്പെടുകയായിരുന്നു. കൂടാതെ പൂഞ്ഞാറിൽ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് ​ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി.


മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. നാലുപേരെ കാണാതായി. വിനോദസഞ്ചാരികളും പ്രദേശവാസിയായ ഒരു സ്ത്രീയുമാണ് അപകടത്തിൽപ്പെട്ടത്. ഞായർ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. അവധിദിനമായതിനാൽ നിരവധിയാളുകൾ പുഴയോരത്ത് സന്ദർശനത്തിനെത്തിയിരുന്നു. ഒളർവട്ടം കനാൽ മുതൽ ടി കെ കോളനി വരെ പുഴയുടെ വിവിധ ഭാഗങ്ങളിലായി ആളുകളുണ്ടായിരുന്നു. കെട്ടുങ്ങൾ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളെത്തിയത്. അവരിൽ ചിലർ പുഴയിലിറങ്ങുകയായിരുന്നു.


വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home