യുഡിഎഫ് സർക്കാരിന്റെ പാത മോദിയുടേത്: സുദീപ് ദത്ത

മഞ്ചേരി
കേരളത്തിലെ യുഡിഎഫ് സർക്കാർ മോദി സർക്കാരിന്റെ പാത പിന്തുടരുകയാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സുദീപ് ദത്ത പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളന സമാപന സമ്മേളനം മഞ്ചേരിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അധികരമേറ്റപ്പോൾത്തന്നെ ധവളപത്രമിറക്കി നഷ്ടക്കണക്കുകൾ കാണിച്ചു. കെഎസ്‌ഇബി, വാട്ടർ അതോറിറ്റി, റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നു. ഇന്ന് കേരളം ഇരുണ്ടകാലത്തിലേക്ക് കുതിക്കുകയാണ്. പവർകട്ടും ലോഡ് ഷെഡിങ്ങുമെല്ലാം തിരികെ വരുന്നു. ഭാവിയിൽ കുടിവെള്ളവും കിട്ടാക്കനിയാകും. വൈദ്യുതിയും കുടിവെള്ള വിതരണവുമെല്ലാം മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളെ പോലെ കോർപറേറ്റുകൾക്കായി തുറന്നുനൽകും. പിഎം ശ്രീ, വഖഫ്, ലേബർ കോഡ് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാനും യുഡിഎഫ് സർക്കാരിന് കഴിയുന്നില്ല. ഇൗ വിഷയങ്ങളിൽ എൽഡിഎഫ് സർക്കാർ കൃത്യമായ നിലപാടാണ് എടുത്തിരുന്നത്. ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് പഠനത്തിനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭരണം നഷ്ടമായത്. തൊഴിലാളികളെ ദുരിതത്തിലാക്കുന്ന യുഡിഎഫ് സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി ചെറുക്കണം. രാജ്യം സാമ്രാജ്യത്വത്തിന് കീഴടങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിക്കുന്നത് അംബാനിയും അദാനിയുമാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയാൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് അമേരിക്ക പറയുന്പോൾ എതിർക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് ആകുന്നില്ല. ബ്ലൂ ഇക്കോണമി നടപ്പാക്കി കോർപറേറ്റുകൾക്ക് ലാഭം കൊയ്യാൻ അവസരമൊരുക്കുന്നു. മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളകളെയും ദുരിതത്തിലാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർത്ത് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ആശാ, അങ്കണവാടി, എൻഎച്ച്‌എം തുടങ്ങിയവയേയും തകർക്കുന്നു. തുല്യജോലിക്ക് തുല്യവേതനമെന്ന നയം രാജ്യത്താകെ നടപ്പാക്കണം. ഇൗ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ ഒന്നിന് സിഐടിയു നേതൃത്വത്തിൽ ലക്ഷം തൊഴിലാളികൾ ഡൽഹിയിൽ കേന്ദ്രീകരിക്കുമെന്നും രാജ്യത്തെ വലിയ തൊഴിലാളി മുന്നേറ്റമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.









0 comments