കലങ്ങി മറിഞ്ഞ് കോട്ടപ്പുഴ

നിശാന്ത് കോടിയാടന്‍
Published on Sep 21, 2026, 12:10 AM | 1 min read
പൂക്കോട്ടുംപാടം
കലിതുള്ളിയെത്തിയ മലവെള്ളം ഒരുനിമിഷംകൊണ്ട് എല്ലാം മാറ്റിമറിച്ചു. സന്തോഷത്തോടെ അവധി ആഘോഷിക്കാനെത്തിയവര്‍ ഒരുനിമിഷം പകച്ചുപോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുംമുമ്പ് കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ ആഴങ്ങളിലേക്കുപോയി. പൂക്കോട്ടുംപാടം ടി കെ കോളനിയിലെ കോട്ടപ്പുഴ അതുവരെ ശാന്തമായിരുന്നു. മലവെള്ളപ്പാച്ചിലില്‍ അപ്രതീക്ഷിതമായാണ് ജലനിരപ്പ് ഉയര്‍ന്നത്. ചിലര്‍ പാറകളിലും മരക്കൊമ്പിലും കയറിനിന്നു. പുഴക്കരയിലുണ്ടായിരുന്ന മറ്റുള്ളവരും വിവരമറിഞ്ഞെത്തിയ നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ ഫയര്‍ ഫോഴ്സ് സംഘവുമെത്തി. "കോട്ടപ്പുഴ ചതിക്കും. വേനൽക്കാലത്തുപോലും അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ ഇവിടെയുണ്ടാവാറുണ്ട്. വലിയ ഉരുളൻകല്ല് നിറഞ്ഞ പുഴയിൽനിന്ന് അപരിചിതർ രക്ഷപ്പെടാൻ സാധ്യത കുറവാണ്' –പ്രദേശവാസികള്‍ കോട്ടപ്പുഴയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. സൈലന്റ് വാലി ബഫർസോണിൽനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കോട്ടപ്പുഴ. നാട്ടിൽ മഴയില്ലെങ്കിൽപ്പോലും വനത്തിൽ മഴപെയ്താൽ പുഴയിൽ നിമിഷനേരംകൊണ്ട് ജലനിരപ്പുയരും. വേനൽക്കാലത്തുപോലും മലവെള്ളപ്പാച്ചിലുണ്ടാകാറുണ്ട്. സമൂഹമാധ്യമങ്ങളിലെ വീഡിയോകള്‍ കണ്ടാണ് ഭൂരിഭാഗം പേരും സ്ഥലം അന്വേഷിച്ചെത്തുന്നത്. മുമ്പും നിരവധിയാളുകൾ ഒഴുക്കിൽപ്പെടുകയും മരിക്കുകയുംചെയ്തിട്ടുണ്ട്. അപകടം പതിവായതോടെ അമരമ്പലം പഞ്ചായത്ത് വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. മഴ കുറഞ്ഞതിനാല്‍ പുഴയില്‍ ജലനിരപ്പ് കുറവാണെന്ന തോന്നലിലാണ് ഞായറാഴ്ച ചിലര്‍ പുഴയിലിറങ്ങിയത്. എന്നാല്‍, അപ്രതീക്ഷിതമായെത്തിയ മലവെള്ളപ്പാച്ചില്‍ രണ്ടുപേരുടെ ജീവനെടുത്താണ് ഒഴുകിയകന്നത്. കാണാതായ നാല് പേര്‍ക്കായി പ്രിയപ്പെട്ടവര്‍ കാത്തിരിക്കയണ്. രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. 9.30ഓടെ തിരച്ചില്‍ നിര്‍ത്തി. നിലമ്പൂർ ഡിവൈഎസ്‌പി റഫീഖ്, കാളികാവ്, പൂക്കോട്ടുംപാടം എസ്ഐമാരായ വി മനോജ് കുമാർ, അബ്ദുൾ കരീം, ചക്കിക്കുഴി വനം ഡെപ്യൂട്ടി റേഞ്ചർ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.









0 comments